കാർഷികയന്ത്രോപകരണങ്ങൾ; അപേക്ഷ തീയതി നീട്ടി
ജില്ലാ പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാടശേഖരസമിതികൾക്ക് മൂന്ന് ലക്ഷം രൂപ വരെ വിലവരുന്ന കാർഷികയന്ത്രങ്ങൾ നിബന്ധനകൾക്ക് വിധേയമായി സൗജന്യ നിരക്കിൽ വിതരണം ചെയ്യുന്നു. നടീൽ യന്ത്രം, മെതിയന്ത്രം, സ്പ്രേയറുകൾ, ടില്ലർ എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയ കാർഷികയന്ത്രങ്ങൾ. കഴിഞ്ഞവർഷങ്ങളിൽ ഇതേ പദ്ധതിയിൽ യന്ത്രങ്ങൾ ലഭിച്ചവർക്ക് അവ ഒഴികെയുളള മറ്റ് യന്ത്രങ്ങൾക്ക് വീണ്ടും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ടാൽ ഗുണഭോക്തൃവിഹിതമായി 10 ശതമാനം തുക ജില്ലാ പഞ്ചായത്തിൽ മുൻകൂറായി അടക്കണം. അപേക്ഷാഫോറം കൃഷിഭവനിലും പഞ്ചായത്ത് ഓഫീസുകളിലും കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലും ലഭിക്കും. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ വെബ് സൈറ്റായ www.kannurdp.lsgkerala.gov.in ലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാഫോറം കൃഷി ഓഫീസറുടെ സാക്ഷ്യപത്രത്തോടൊപ്പം കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, കോക്കനട്ട് നഴ്സറി പാലയാട്, കണ്ണൂർ- 670661 എന്ന വിലാസത്തിൽ സെപ്റ്റംബർ 30നകം സമർപ്പിക്കണം. ഫോൺ: 9383472050, 9383472051, 9383472052.