ഇൻഡിക്കേറ്റര്‍ ഇടാതെ വണ്ടി തിരിച്ചതിനെച്ചൊല്ലി തര്‍ക്കം; ഓട്ടോ ഡ്രൈവറുടെ കാല് ഹെല്‍മെറ്റ് കൊണ്ട് തല്ലിയൊടിച്ച് യുവാക്കള്‍
വൈക്കം :ഇൻഡിക്കേറ്റർ ഇടാതെ വാഹനം തിരിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവില്‍ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം.ബൈക്ക് യാത്രികൻ ഹെല്‍മെറ്റ് കൊണ്ട് അടിച്ചതിനെത്തുടർന്ന് ഓട്ടോ ഡ്രൈവറുടെ കാല് ഒടിഞ്ഞു. മറവൻതുരുത്ത് ഇലവുംപറമ്പില്‍ ഇ.ആർ. അരുണിനാണ് (30) പരിക്കേറ്റത്.
ഓട്ടോ ഡ്രൈവറായ അരുണിനെ വൈക്കം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. കഴിഞ്ഞ ദിവസം രാവിലെ മറവൻതുരുത്ത് പഞ്ചായത്ത് ജംഗ്ഷനിലാണ് സംഭവം.
പാലാംകടവില്‍ നിന്നു മറവൻതുരുത്തിലേക്കു വന്ന ഓട്ടോറിക്ഷ പഞ്ചായത്ത് ജംഗ്ഷനിലുള്ള ഓട്ടോ സ്റ്റാൻഡിലേക്ക് തിരിക്കുന്നതിനിടെ അതേ ദിശയില്‍ പിന്നാലെ സ്കൂട്ടറില്‍ എത്തിയ ചുങ്കം സ്വദേശികളായ യുവാക്കളാണ് മർദിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സ്കൂട്ടർ യാത്രക്കാരായ വാഴത്തറയില്‍ ഫിറോസ് (19), കണ്ടത്തിപ്പറമ്പില്‍ ആദിത്യനാഥ് (21) എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു.
