നേപ്പാളിൽ നിന്ന് ഒരു ആശ്വാസ വാർത്ത; തുരങ്കത്തിൽ 9 ദിവസം കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷപെടുത്തി
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയത്തിൽ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷപ്പെടുത്തി. ദുരന്തം സംഭവിച്ച് ഒൻപതുദിവസത്തിന് ശേഷമാണ് രണ്ടുപേരെ തുരങ്കത്തിനുള്ളിൽനിന്ന് രക്ഷിച്ചത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.രസുവ ജില്ലയിലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള തുരങ്കത്തിനുള്ളിൽ കുടുങ്ങിയ രണ്ട് തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മെക്കാനിക്കൽ ഫോർമാനായ സഞ്ജയ് ഷാ, മെക്കാനിക്കൽ സൂപ്പർവൈസർ കബിർ മഹർജാൻ എന്നിവരെയാണ് രക്ഷിച്ചതെന്ന് നേപ്പാളിലെ സ്വതന്ത്ര പാർട്ടി നേതാവ് ശ്രീറാം ന്യുപണും രക്ഷാദൗത്യത്തിൽ പങ്കാളിയായ എൻജിനീയറും സ്ഥിരീകരിച്ചു. സഞ്ജയ് ഷായെയാണ് ആദ്യം തുരങ്കത്തിൽനിന്ന് പുറത്തെത്തിച്ചത്. പിന്നാലെയാണ് കബിർ മഹർജാനെയും സുരക്ഷിതമായി പുറത്തെത്തിച്ചു. തുരങ്കത്തിനുള്ളിൽനിന്ന് കൂടുതൽപേരുടെ ശബ്ദങ്ങൾ കേൾക്കുന്നുണ്ടെന്നും ഇത് പോസിറ്റീവായ അടയാളമാണെന്നും ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. നേപ്പാൾ സൈന്യവും പൊലീസും വിദഗ്ധ സംഘങ്ങളും ഉൾപ്പെടെയാണ് മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്.
