വേളാങ്കണ്ണി പള്ളിയിൽ ഇന്ന് മുതൽ 24 മണിക്കൂറും ഭക്തർക്ക് പ്രവേശനം
ചെന്നൈ: പ്രസിദ്ധ തീർഥാടന ദേവാലയമായ വേളാങ്കണ്ണി പള്ളി ഇനി മുതൽ 24 മണിക്കൂറും തുറന്നിരിക്കും. ആരോഗ്യ മാതാ ബസിലിക്കയിൽ ഇന്ന് മുതൽ എല്ലാ സമയത്തും ഭക്തർക്കു പ്രവേശനം അനുവദിക്കും.
പ്രധാന ദേവാലയവും അള്‍ത്താരയും തുറന്നിടും. ഭക്തരുടെ അഭ്യര്‍ഥനകള്‍ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂര്‍ രൂപത ബിഷപ്പ് റവ. ഡോ. ടി സഹായരാജ് നേരത്തെ വ്യക്തമാക്കിയിരുന്നു.പുലർച്ചെ 5 മുതൽ രാത്രി 9 വരെ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്. എന്നാല്‍ ദൂരെ സ്ഥലങ്ങളില്‍ നിന്ന് എത്തുന്ന വിശ്വാസികള്‍ക്ക് വൈകിയ സമയങ്ങളില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയാതെ വരികയും രാത്രി മുഴുവന്‍ പുറത്ത് കാത്തുനില്‍ക്കേണ്ടി വരുകയും ചെയ്യുന്നത് പതിവാണ്.
ഇതേത്തുടര്‍ന്നാണ് പ്രധാന ദൈവാലയം 24 മണിക്കൂറും തുറന്നിടണമെന്ന് വിശ്വാസികളില്‍ നിന്ന് ആവശ്യം ഉയര്‍ന്നത്. വിഷയത്തില്‍ ദൈവാലയം ഭരണസമിതി ബിഷപ്പില്‍ നിന്ന് ഇക്കാര്യത്തില്‍ പ്രത്യേക അനുമതി നേടുകയായിരുന്നു.
