Latestകേരളം

ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി ഇൻഡിഗോ

ഇന്‍ഡിഗോ വിമാന സർവ്വീസുകളുടെ യാത്രാ നിരക്ക് കൂട്ടി. ആഭ്യന്തര, രാജ്യാന്തര സര്‍വീസുകളിലെ ഇന്ധന ചാര്‍ജാണ് കൂട്ടിയത്. നാളെ മുതൽ നിരക്ക് വ‍ർധനവ് പ്രാബല്യത്തിൽ വരും. ആഭ്യന്തര യാത്രകൾക്ക് 375 മുതൽ 1300 വരെ നിരക്കുയരും. രാജ്യാന്തര യാത്രകൾക്ക് 1000 മുതൽ 10,000 രൂപ വരെയാണ് വർധനവുണ്ടാകുക.

അതേ സമയം, വിമാന ഇന്ധന വില ഉയർന്നതാണ് നിരക്ക് വർധനയ്ക്ക് കാരണമെന്ന് ഇൻഡിഗോ അറിയിച്ചു. ഉത്സവ സീസൺ അടുത്തിരിക്കെ കമ്പനി നടപ്പിലാക്കുന്ന ഈ തീരുമാനം സാധാരണക്കാരായ യാത്രികർക്ക് വലിയ തിരിച്ചടിയാകും.

ആഭ്യന്തര സർവീസുകളിൽ ദൂരത്തിനനുസരിച്ചാണ് നിരക്കുകൾ നിശ്ചയിച്ചിരിക്കുന്നത്. 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 425 രൂപയും, 501 മുതൽ 1,000 കിലോമീറ്റർ വരെയുള്ള സർവീസുകൾക്ക് 600 രൂപയും നൽകണം. 1,001 മുതൽ 1,500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 900 രൂപയും, 1,501 മുതൽ 2,000 കിലോമീറ്റർ വരെ 1,150 രൂപയുമാണ് അധികമായി നൽകേണ്ടത്. 2,000 കിലോമീറ്ററിന് മുകളിലുള്ള ദീർഘദൂര ആഭ്യന്തര യാത്രകൾക്ക് 1,300 രൂപ ഫ്യൂവൽ സർചാർജ് ഇനത്തിൽ നൽകേണ്ടി വരും.

അന്താരാഷ്ട്ര സർവീസുകളിലും ഗണ്യമായ വർധനവാണ് വരുത്തിയിരിക്കുന്നത്. സാർക്ക് രാജ്യങ്ങളിലേക്കുള്ള 500 കിലോമീറ്ററിൽ താഴെയുള്ള യാത്രകൾക്ക് 500 രൂപയും, അതിനു മുകളിലുള്ള ദൂരത്തിന് 1,000 രൂപയുമാണ് സർചാർജ്.