ദുര്‍ഗന്ധം വമിച്ച ടാങ്ക് വൃത്തിയാക്കാനിറങ്ങി; വിഷവാതകം ശ്വസിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം
ഉത്തർപ്രദേശിലെ വൃന്ദാവനില്‍ വിദ്യാർത്ഥികള്‍ക്കായുള്ള ഗുരുകുലത്തിലെ ജലസംഭരണി വൃത്തിയാക്കുന്നതിനിടെ നാല് വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം.ഒരാള്‍ ബോധരഹിതനായി ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രിയാണ് ദാരുണ സംഭവം നടന്നത്.
ഗുരുകുലത്തിലെ വെള്ളം നിറച്ചിരുന്ന ടാങ്കില്‍ നിന്ന് ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് വിദ്യാർത്ഥികള്‍ ടാങ്കിനുള്ളില്‍ ഇറങ്ങിയത്. . ആദ്യം ഒരു വിദ്യാർഥി ടാങ്കിനുള്ളില്‍ ഇറങ്ങിയെങ്കിലും പിന്നീട് പുറത്തേക്ക് വന്നില്ല. തുടർന്ന് ഇയാളെ അന്വേഷിച്ച് മറ്റ് നാല് വിദ്യാർഥികളും ഓരോരുത്തരായി ടാങ്കിനുള്ളിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരും തിരിച്ചെത്താത്തിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബോധരഹിതാരായി വിദ്യാർത്ഥികളെ കണ്ടെത്തിയത്.അഞ്ച് പേരെയും പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും നാല് വിദ്യാർഥികള്‍ മരിച്ചതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
മദ്ധ്യപ്രദേശ് ജബല്‍പ്പൂർ സ്വദേശി മനു കതാര (24), മീററ്റ് സ്വദേശി റിഷഭ് ശർമ (18), കൗശാംബി സ്വദേശി ആര്യൻ ശർമ (18), വിദിഷ സ്വദേശി ദേവാൻഷ് (17) എന്നിവരാണ് മരിച്ചത്. അഞ്ചാമത്തെ വിദ്യാർഥിയായ രുദ്ര വിദേശ് (18) ചികിത്സയില്‍ തുടരുകയാണ്. ഈ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചു.
വിദ്യാർത്ഥികള്‍ വർത്തിയാക്കാനിറങ്ങിയ ഏകദേശം 15 അടി ആഴമുള്ള ടാങ്ക് ഏറെക്കാലമായി ഉപയോഗിച്ചിരുന്നില്ലെന്നും കോണ്‍ക്രീറ്റ് മൂടി ഉപയോഗിച്ച് അടച്ച നിലയിലായിരുന്നെന്നും പൊലീസ് അറിയിച്ചു. ടാങ്കിനുള്ളില്‍ വിഷവാതകം രൂപപ്പെട്ടതാകാം മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ഗുരുകുലത്തിന്റെ ഉടമകളില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്ഥാപനത്തിന്റെ രേഖകളും, കുട്ടികളുടെ സുരക്ഷയും ഉള്‍പ്പെടെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. പരിസരത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്.
