കാറിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചു; പിതാവിന് ദാരുണാന്ത്യം, അമ്മയടക്കം രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
നീലഗിരി.നീലഗിരിയില്‍ കൂറ്റൻ പാറക്കല്ല് റോഡിലേക്ക് വീണ് കാർ യാത്രക്കാരന് ദാരുണാന്ത്യം.ഊട്ടി സ്വദേശി ബി കൃഷ്ണമൂർത്തിയാണ് മരിച്ചത്. ഭാര്യയ്ക്കും ബന്ധുവിനും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നീലഗിരി മേഖലയില്‍ കനത്ത മഴ പെയ്യുന്നുണ്ട്. കുനൂർ മേട്ടുപ്പാളയം റോഡിലാണ് ദാരുണമായ ഈ സംഭവം നടന്നിരിക്കുന്നത്.
വ്യോമസേനയിലെ മുൻ ഉദ്യോഗസ്ഥനായ ബി കൃഷ്ണമൂർത്തിയും ഭാര്യയും മകനുമടക്കം അഞ്ച് പേരാണ് മേട്ടുപ്പാളയത്തെ ബന്ധുവിന്റെ വീട്ടിലേക്ക് ചടങ്ങില്‍ പങ്കെടുക്കാൻ പോയത്. ഇതിനിടെയാണ് അപകടമുണ്ടായത്. കൂറ്റൻ പാറക്കല്ലുകള്‍ അപ്രതീക്ഷിതമായി റോഡിന്റെ ഒരു വശത്ത് നിന്ന് വീഴുകയായിരുന്നു. മുൻവശത്ത് ഇടതുനിരയിലാണ് കൃഷ്ണമൂർത്തി ഇരുന്നത്.
ഈ ഭാഗത്തേക്കാണ് കല്ലുകള്‍ പതിച്ചത്. തൊട്ടുപിന്നിലിരുന്ന ഭാര്യ ദേവകി, ബന്ധുവായ ചിന്താമണി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റിരിക്കുന്നത്. കൃഷ്ണമൂർത്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മകനാണ് വാഹനമോടിച്ചിരുന്നത്.
ഇവർക്ക് കാര്യമായ പരിക്കില്ല. ഇവിടങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി മഴ പെയ്യുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
