എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി;കുഞ്ഞ് മരിച്ചു
മലപ്പുറം : കൊണ്ടോട്ടി മുണ്ടക്കുളത്ത് എട്ടുമാസം പ്രായമുള്ള കുഞ്ഞുമായി അമ്മ കിണറ്റിൽ ചാടി. സംഭവത്തിൽ കുഞ്ഞ് മരിച്ചു. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി. മുണ്ടക്കുളം മുള്ളൻമടക്കൽ ശ്രീനാഥ്-വിഞ്ജുഷ ദമ്പതികളുടെ മകൻ സയാൻസിദ് ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് അമ്മയെയും കുഞ്ഞിനെയും കാണാതായത്. ശ്രീനാഥിന്റെ അമ്മ ക്ഷേത്രത്തിൽനിന്ന് മടങ്ങിയെത്തിയപ്പോഴാണ് ഇരുവരും വീട്ടിലില്ലെന്ന വിവരമറിയുന്നത്. വിഞ്ജുഷയുടെ മൊബൈൽ ഫോൺ വീട്ടിൽ തന്നെ വച്ച നിലയിലായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുക്കളും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ ഉച്ചയ്ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് വീട്ടിന് സമീപത്തെ കിണറ്റിൽ ഇരുവരെയും കണ്ടെത്തിയത്.
മുണ്ടക്കുളം സ്‌കൂൾ ഗ്രൗണ്ടിന് സമീപമുള്ള കിണർ മൂടിയിരുന്ന വലയുടെ ഒരുഭാഗത്ത് വിടവ് കണ്ടതിനെ തുടർന്ന് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് യുവതിയെ കിണറ്റിനുള്ളിൽ കണ്ടത്. കുഞ്ഞിനെ കൈയിലൊതുക്കി കിണറിന്റെ പടവിൽ പിടിച്ച് പകുതിയിലേറെ വെള്ളത്തിൽ മുങ്ങിയ നിലയിലായിരുന്നു വിഞ്ജുഷ.
