ഗ്യാനേഷ് കുമാറിന്റെ രാജിക്കായുള്ള പ്രതിഷേധം; പിണറായി വിജയനെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കമുള്ള പ്രമുഖ സിപിഐഎം നേതാക്കളെ ഡൽഹി പോലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു. കേരള ഹൗസിൽ നിന്ന് പ്രതിഷേധിച്ച് മാർച്ചിന് തയ്യാറെടുക്കുന്നതിനിടെയാണ് പോലീസ് ഈ നാടകീയ നടപടി സ്വീകരിച്ചത്. എം.എ. ബേബി, ഇ.പി. ജയരാജൻ, എം.വി. ഗോവിന്ദൻ, കെ.കെ. ഷൈലജ, പി.കെ. ശ്രീമതി, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എം.പി തുടങ്ങിയ മുതിർന്ന നേതാക്കളും കസ്റ്റഡിയിലായവരിൽ ഉൾപ്പെടുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജിയാവശ്യപ്പെട്ടാണ് നേതാക്കൾ പ്രതിഷേധത്തിന് ഒരുങ്ങിയതെന്ന് കസ്റ്റഡിയിലെടുക്കുന്നതിന് തൊട്ടുമുമ്പ് പിണറായി വിജയൻ വ്യക്തമാക്കി. കേന്ദ്രത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയാണ് ഗ്യാനേഷ് കുമാർ പ്രവർത്തിക്കുന്നതെന്നും, 13 കോടിയോളം ആളുകളുടെ വോട്ടവകാശം ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടന്നതെന്നും അദ്ദേഹം വിമർശിച്ചു. ജനാധിപത്യപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ സംസാരിച്ച അദ്ദേഹം, കേന്ദ്ര സർക്കാർ ഗ്യാനേഷ് കുമാറിനെ വഴിവിട്ട് സംരക്ഷിക്കുകയാണെന്നും കുറ്റപ്പെടുത്തി.
