മോഷ്ടിച്ച ബൈക്കുമായി വഴി ചോദിക്കാന്‍ പോലീസുകാരനെ സമീപിച്ച അതിഥി തൊഴിലാളിയെ പൊലീസുകാരൻ പിന്തുടർന്ന് പിടികൂടി
കോഴിക്കോട്: മോഷ്ടിച്ച ബൈക്കുമായി വഴി ചോദിക്കാന്‍ പോലീസുകാരനെ സമീപിച്ച അതിഥി തൊഴിലാളിയെ പൊലീസുകാരൻ പിന്തുടർന്ന് പിടികൂടി. കാസർകോട് ചെറുവത്തൂരിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി എട്ടോടെയാണ് സംഭവം നടന്നത്. വെള്ളൂര്‍ കൊട്ടണച്ചരി ക്ഷേത്രത്തിന് സമീപത്തുവെച്ചാണ് കാസര്‍കോട് എആർ ക്യാംപിൽ ജോലി ചെയ്യുന്ന പെരളം സ്വദേശി സുനീഷിനോട് ബൈക്കിലെത്തിയ ഒരാള്‍ വഴി ചോദിച്ചത്. ഹിന്ദിയില്‍ സംസാരിച്ച ഇയാള്‍ കാഞ്ഞങ്ങാട്ടേക്കുള്ള വഴിയും ദൂരവും ചോദിക്കുകയായിരുന്നു.
വഴി പറഞ്ഞുകൊടുക്കുന്നതിനിടയില്‍ സുനീഷിന് ബൈക്കിന്റെ നമ്പറിലും യുവാവിന്റെ പെരുമാറ്റത്തിലും ചില സംശയങ്ങള്‍ തോന്നി. ബൈക്ക് കടന്നുപോയ ഉടന്‍തന്നെ സുനീഷ് കാസര്‍കോട് കണ്ട്രോള് റൂമിലെ പൊലീസുകാരനായ രജനീഷിനെ വിളിച്ച് ബൈക്കിന്റെ നമ്പര്‍ കൈമാറി, പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസം മുന്‍പ് വടകരയില്‍ നിന്ന് മോഷണം പോയ വാഹനത്തിന്റേതാണ് ഈ നമ്പറെന്ന് സ്ഥിരീകരിച്ചു. പിന്നാലെ സുനീഷ് തന്റെ ബൈക്കില്‍ മോഷ്ടാവിനെ പിന്തുടരുകയും ചെറുവത്തൂരില്‍ വെച്ച് സാഹസികമായി പിടികൂടുകയുമായിരുന്നു. മോഷ്ടിച്ച ബൈക്കും മോഷ്ടാവിനെയും ചന്തേര പോലീസ് കസ്റ്റഡിയിലെടുത്ത് വടകര പൊലീസിന് കൈമാറി. താൻ മറ്റൊരാളിൽ നിന്ന് വാങ്ങിയ ബൈക്കാണിതെന്നാണ് അതിഥി തൊഴിലാളി നൽകിയിരിക്കുന്ന മൊഴി. പൊലീസ് അന്വേഷണം തുടരുകയാണ്.
