Latestകേരളം

സർക്കാർ ഓഫീസുകൾക്ക് ശനിയാഴ്ച കൂടി അവധി നൽകാൻ നീക്കം; യോഗം 17ന്

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി ദിവസങ്ങള്‍ അഞ്ച് ആക്കണമെന്ന ആവശ്യമുന്നയിച്ച് സര്‍വീസ് സംഘടനകളുടെ യോഗം ഈ മാസം 17ന് നടത്തും. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് യോഗം വിളിച്ചത്. അടുത്ത ശനിയാഴ്ച്ച രാവിലെ 11 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഞായറാഴ്ച്ചക്ക് പുറമേ ശനിയാഴ്ച കൂടി അവധി നല്‍കാനാണ് നീക്കം. ശനിയാഴ്ച അവധി നല്‍കുന്നതിനെ വിവിധ സംഘടനകള്‍ സ്വാഗതം ചെയ്തു. എന്നാല്‍ നിലവിലുള്ള പൊതു അവധികളും കാഷ്വല്‍ ലീവുകളും ചുരുക്കുന്നതിനെ ചില സംഘടനകള്‍ എതിര്‍ത്തിട്ടുണ്ട്. സംഘടനകളുടെ അഭിപ്രായങ്ങള്‍ ഈ മാസം 12നകം അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഭരണം കാര്യക്ഷമാക്കുന്നതിനും ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുമായാണ് ആഴ്ചയില്‍ അഞ്ച് പ്രവര്‍ത്തി ദിവസം, രണ്ട് അവധി ദിനം എന്ന നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കാനാലോചിക്കുന്നത്. കഴിഞ്ഞ ശമ്പള പരിഷ്‌ക്കരണ കമ്മീഷനും വി എസ് അച്യുതാനന്ദന്‍ ഭരണപരിഷ്‌ക്കാര കമ്മീഷന്‍ ചെയര്‍മാനായിരിക്കെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം നിര്‍ദേശിച്ചിരുന്നു. ചീഫ് സെക്രട്ടറി വിളിച്ചിരിക്കുന്ന ഓണ്‍ലൈന്‍ യോഗത്തില്‍ സര്‍വീസ് സംഘടകള്‍ ഉള്‍പ്പെടെ പങ്കെടുക്കും