ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ ചോദ്യം ചെയ്യുന്നു
മുംബൈ: മുംബൈയിലെ ആഡംബര കപ്പലിലെ മയക്കുമരുന്ന് പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാനെ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ചോദ്യം ചെയ്യുന്നു. മൂന്നു യുവതികൾ ഉൾപ്പടെ 13 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊക്കെയ്നും ഹാഷിഷ് ഉൾപ്പെടെ ലഹരിവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്.
ആര്യനെതിരെ ഒരു കുറ്റവും ഇതുവരെ ചുമത്തിയിട്ടില്ലെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും എന്‍.സി.ബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡെ പറഞ്ഞതായി ഇന്ത്യ ടുഡെ റിേപ്പാര്‍ട്ട് ചെയ്തു.
ശനിയാഴ്ച രാത്രിയാണ് മുംബൈ തീരത്തെ ക്രൂയിസ് കപ്പലില്‍ എന്‍.സി.ബി റെയ്ഡ് നടത്തിയത്. മൂന്നുദിവസത്തെ സംഗീത പരിപാടിക്കായിരുന്നു അനുമതി. ബോളിവുഡ്, ഫാഷന്‍, ബിസിനസ് രംഗത്തെ പ്രമുഖരാണ് പാര്‍ട്ടിയില്‍ പങ്കാളികളായിരുന്നത്. തുടര്‍ന്ന് നിരോധിത ലഹരി ഉല്പന്നങ്ങള് ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തെ എന്‍.സി.ബി പരിശോധന നടത്തുകയായിരുന്നു. പരിശോധനയില്‍ കോടിക്കണക്കിന് ലഹരിവസ്തുക്കള്‍ കണ്ടെടുത്തു.
‘ക്രേ ആര്‍ക്ക്’ എന്ന പേരിലാണ് ഫാഷന്‍ ടി.വി പരിപാടി ഒരുക്കിയത്. മിയാമിയില്‍ നിന്നുള്ള ഡി.ജെ സതാന്‍ കോലേവ്, ബുല്‍സിയ ബ്രോണ്‍കോട്ട്, ദീപേഷ് ശര്‍മ്മ എന്നിവരുടെ പരിപാടികള്‍ ആദ്യദിവസമുണ്ടാവുമെന്നായിരുന്നു നോട്ടീസില്‍ അറിയിച്ചിരുന്നത്.
രണ്ടാം ദിവസം ഒരു മണി മുതല്‍ എട്ട് മണി വരെ ഐവറികോസ്റ്റില്‍ നിന്നുള്ള ഡി.ജെ റാവോല്‍ കെ, ഇന്ത്യയില്‍ നിന്നുള്ള ഡി.ജെ കോഹ്റ, മൊറോക്കന്‍ കലാകാരന് കയാസയും പരിപാടിയില്‍ അവതരിപ്പിക്കുമെന്നാണ് അറിയിച്ചിരുന്നത്. രാത്രി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും ഉണ്ടാവുമെന്നും നോട്ടീസിലുണ്ട്. എന്നാല്‍, പാര്‍ട്ടി തുടങ്ങി മണിക്കൂറുകള്‍ക്കകം തന്നെ രഹസ്യവിവരത്തെ എന്‍.സി.ബി സംഘം കപ്പല്‍ റെയ്ഡ് ചെയ്യുകയായിരുന്നു.