ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച 117 പന്നികൾക്ക് ദയാവധം
ഇരിട്ടി: ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതോടെ പായം, അയ്യൻകുന്ന് പഞ്ചായത്തുകളിലെ മൂന്ന് സ്വകാര്യ പന്നി ഫാമുകളിൽ നിന്ന് 117 പന്നികളെ ദായാവധത്തിന് വിധേയമാക്കി കുഴിച്ചുമൂടി. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം ജില്ലാ മൃഗ സംരക്ഷണ വകുപ്പാണ് തിങ്കളാഴ്ച രാവിലെ ദയാവധം നടപ്പാക്കിയത്.
മൃഗ സംരക്ഷണ വകുപ്പ് ജില്ലാ ഓഫീസർ എസ് ജെ ലേഖ, വെറ്ററിനറി സർജൻ ഡോ. കിരൺ വിശ്വനാഥ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പരിശീലനം കിട്ടിയ ആർ ആർ ടി വിഭാഗമാണ് ഇത് നടപ്പാക്കിയത്. മൂന്നാഴ്ച മുൻപാണ് പായം നാട്ടേലിലെ നെല്ലിക്കുന്നിൽ സുനിൽമാത്യുവിന്റെ ഫാമിൽ പന്നികൾ കൂട്ടത്തോടെ ചത്തത്.
ബെംഗളൂരുവിലെ ലാബിൽ നടത്തിയ പരിശോധനയിൽ പന്നി പനിയാണെന്ന് സ്ഥിരീകരിച്ചതോടെ ആണ് പന്നികളെ കൂട്ടത്തോടെ കൊല്ലാൻ തീരുമാനിച്ചത്. തിങ്കളാഴ്ച രാവിലെ സുരക്ഷാ വസ്ത്രങ്ങൾ അണിഞ്ഞത്തിയ മൃഗ സംരക്ഷണ വകുപ്പിലെ ആർ ആർടി വിഭാഗം ആദ്യം ഇലക്ട്രിക് സ്റ്റമ്പ് ഉപയോഗിച്ച് പന്നികളെ അബോധാവസ്ഥയിലാക്കി. തുടർന്ന് രക്തം വാർത്തിക്കളഞ്ഞ ശേഷം ഭൂനിരപ്പിൽ നിന്ന് ആറടി താഴ്ചയിൽ വലിയ കുഴിയെടുത്ത് മറവ് ചെയ്തു. തുടർന്ന് അണുനശീകരണം നടത്തി.
പായത്തെ ആൻറണി പൂത്തേട്ടിന്റെ ഫാമിൽ നിന്ന് 74 പന്നികളെയും സുനിൽ മാത്യുവിന്റെ ഫാമിൽനിന്ന് 37 പന്നികളെയും അയ്യൻകുന്നിലെ കുര്യന്റെ ഫാമിൽ നിന്ന് 6 പന്നികളെയും ആണ് കൊന്നത്. ദയാവധത്തിന് വിധേയമാക്കുന്ന പന്നികളുടെ വലുപ്പച്ചെറുപ്പം അനുസരിച്ചാണ് നഷ്ടപരിഹാരം ലഭ്യമാക്കുക. 15 കിലോ വരെ തൂക്കം ഉള്ളവയ്ക്ക് 2200 രൂപയും അതിന് മുകളിൽ തൂക്കം ഉള്ളവയ്ക്ക് 15,000 രൂപയുമാണ് കർഷകന് ലഭിക്കുക.