ആറ്റുകാൽ പൊങ്കാല കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം.
തിരുവനന്തപുരം: ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്താൻ തീരുമാനം. ക്ഷേത്ര വളപ്പിനുള്ളിൽ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തും. പൊതുനിരത്തുകളിലോ മറ്റ് പൊതുസ്ഥലങ്ങളിലോ പൊങ്കാലയിടാൻ അനുമതിയില്ല.
ആള്‍ക്കാര്‍ക്ക് സ്വന്തം വീടുകളില്‍ പൊങ്കാലയിടാമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ പൊങ്കാല നടത്തുന്നത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ രൂപീകരിക്കണമെന്ന ക്ഷേത്ര ട്രസ്റ്റിന്റെ ആവശ്യപ്രകാരമാണ് മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നത്.
ശബരിമല മാതൃകയിൽ ഓൺലൈൻ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര വളപ്പിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാമെന്ന കാര്യത്തിൽ പിന്നീട് തീരുമാനമെടുക്കും. ക്ഷേത്രപരിസരത്തെ കോർപ്പറേഷൻ വാർഡുകൾ മാത്രമായിരിക്കും ഇത്തവണ ഉത്സവമേഖലയായി പ്രഖ്യാപിക്കുന്നത്.
ഗ്രീൻ പ്രോട്ടോക്കോളും കോവിഡ് നിയന്ത്രണങ്ങളും പാലിച്ചു കൊണ്ട് അന്നദാനം ഉണ്ടാകും. കുത്തിയോട്ടം, വിളക്കുകെട്ട്, താലപ്പൊലി തുടങ്ങിയ ചടങ്ങുകൾ ഒഴിവാക്കുവാനും യോഗത്തിൽ തീരുമാനമായി. പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി വിവിധ വകുപ്പുകൾ നടത്തേണ്ട മുന്നൊരുക്കങ്ങൾ എത്രയും വേഗം പൂർത്തീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർദ്ദേശം നൽകി.