ആൾക്കൂട്ടം തടയാനും കോവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാനും പോലീസ്-റവന്യു പരിശോധന
ജില്ലയിൽ വ്യാപാര സ്ഥാപനങ്ങളിലും ചടങ്ങുകളിലും അനുവദനീയമായതിലും കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്നത് തടയാനും കൊവിഡ് പ്രോട്ടോക്കോൾ ഉറപ്പാക്കാനും പൊലീസ് പരിശോധനക്ക് പുറമെ ഡെപ്യൂട്ടി തഹസിൽദാർമാരുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾ ഉണ്ടാക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ഉത്തരവിട്ടു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിലാണ് ഉത്തരവ്.
വ്യാപാര സ്ഥാപനങ്ങൾ, ഷോപ്പിങ്ങ് മാളുകൾ, ബീച്ച് ഉൾപ്പെടേയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലും വിവാഹം, മരണാനന്തര ചടങ്ങുകൾ എന്നിവയിലും പൊതു ഇടങ്ങളിലും അനുവദനീയമായതിലും കൂടുതൽ ആളുകൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഈ സ്ക്വാഡുകളുടെ ചുമതല. കൊവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ നിയമനുസൃത നടപടികൾ കൈക്കൊള്ളാനും അത് അതാത് ദിവസം ജില്ലാ കലക്ടറേറ്റിൽ റിപ്പോർട്ട് നൽകാനും ഉത്തരവിൽ നിദേശിച്ചു.