ഏഴ് ബാങ്കുകളുടെ പാസ് ബുക്കും ചെക്ക് ബുക്കും ഉടൻ മാറുക; കാലാവധി അവസാനിക്കുന്നു
ന്യൂഡല്‍ഹി: അടുത്തമാസം ഒന്ന് മുതല്‍ രാജ്യത്തെ ഏഴ് ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളും അസാധുവാകും. വിവിധ കാലയളവില്‍ വിവിധ ബാങ്കുകളുമായി ലയിച്ച ദേനാ ബാങ്ക്, വിജയ ബാങ്ക്, കോര്പറേഷന് ബാങ്ക്, ആന്ധ്ര ബാങ്ക്, ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്, യുണൈറ്റഡ് ബാങ്ക്, അലഹബാദ് ബാങ്ക് എന്നിവയുടെ ചെക്ക് ബുക്കുകളും പാസ് ബുക്കുകളുമാണ് ഏപ്രില്‍ ഒന്നുമുതല്‍ ഉപയോഗശൂന്യമാകുന്നത്.
ഈ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ ഉടന്‍ തന്നെ പുതിയ ചെക്ക് ബുക്കിന് അപേക്ഷിക്കണം. മാറിയ ഐഎസ്എഫ്ഇ കോഡും പ്രത്യേകം ചോദിച്ച് മനസിലാക്കണം. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2020 ഏപ്രില്‍ ഒന്നുവരെയുള്ള കാലയളവിലാണ് ലയനം സാധ്യമായത്.
ലയന പ്രക്രിയ ഈ മാര്‍ച്ച് 31 ഓടെ അവസാനിക്കുന്നതോടെ ഇനി പഴയ ബാങ്കുകള്‍ ഉണ്ടായിരിക്കില്ല.
ദേന ബാങ്കും വിജയ ബാങ്കും ബാങ്ക് ഓഫ് ബറോഡയുമായാണ് ലയിച്ചത്. ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സും യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയും പഞ്ചാബ് നാഷണല്‍ ബാങ്കുമായി ലയിച്ചപ്പോള്‍ അലഹബാദ് ബാങ്ക്, ഇന്ത്യന്‍ ബാങ്കുമായാണ് ലയിച്ചത്.
ആന്ധ്ര ബാങ്കിന്റെയും കോര്പറേഷന് ബാങ്കിന്റെയും ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പുതിയ ഐഎഫ്എസ്ഇ കോഡ് യൂണിയന് ബാങ്ക് ഓഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും അറിയാനാവും. കാനറ ബാങ്കുമായി ലയിച്ച സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ചെക്ക് ബുക്കിന്റെ കാലാവധി ജൂണ്‍ 30 വരെയുണ്ട്.