കടയ്ക്കാവൂരിൽ മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിനും രണ്ടാംഭാര്യയ്ക്കുമെതിരെ ആരോപണവുമായി അറസ്റ്റിലായ കുട്ടിയുടെ അമ്മ

തിരുവനന്തപുരം: കടയ്ക്കാവൂരിൽ  മകനെ പീഡിപ്പിച്ചെന്ന കേസില്‍ ഭര്‍ത്താവിനും രണ്ടാംഭാര്യയ്ക്കുമെതിരെ ആരോപണവുമായി അറസ്റ്റിലായ കുട്ടിയുടെ അമ്മ. ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് സ്റ്റേറ്റ്‌മെന്റ് എടുക്കാനാണെന്ന് പറഞ്ഞ് പൊലീസ് കൊണ്ടുപോവുകയായിരുന്നു. അതിനുശേഷമാണ് റിമാന്‍ഡ് ചെയ്യുകയാണെന്ന് അറിഞ്ഞത്. എനിക്കെതിരെ മകൻ പരാതി നല്‍കിയിട്ടുണ്ടെന്നും അതിന്റെ പേരില്‍ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടെന്നാണ് പൊലീസ് പറഞ്ഞതെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോള്‍ കൂടെയുള്ള മകനെ തിരിച്ച് ആവശ്യപ്പെട്ട് ഭര്‍ത്താവ് വിളിച്ചിരുന്നു. എന്നാല്‍ അവന്‍ പോകാന്‍ തയാറായിരുന്നില്ല. അമ്മയെ ജയിലിലാക്കി നിന്നെ കൊണ്ടുപോകുമെന്ന് മകനെ ഭീഷണിപ്പെടുത്തിയിരുന്നു. മക്കളെ മര്‍ദിക്കുമായിരുന്നു. കേസ് ഭര്‍ത്താവും രണ്ടാംഭാര്യയും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ്. സത്യം പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേസില്‍ നിരപരാധിയാണ്. മകനെ ഭീഷണിപ്പെടുത്തിയാകും പരാതി നല്‍കിച്ചതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

ഗുളിക കണ്ടെടുത്തുവെന്ന് കോടതിയില്‍ പറഞ്ഞ പൊലീസ് എന്ത് ഗുളികയാണ് കണ്ടെടുത്തതെന്ന് പറയുന്നില്ല. അലര്‍ജിക്കുള്ള മരുന്ന് മാത്രമാണ് മകനുള്ളത്. എല്ലാ അമ്മമാര്‍ക്കും വേണ്ടി സത്യം പുറത്തുവരണമെന്നും കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. 13 വയസുള്ള സ്വന്തം മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയെ തുടര്‍ന്ന് പോക്സോ കേസ് ചുമത്തപ്പെട്ട് ജയിലിലായ അമ്മ ഇന്നലെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്