കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം തുടങ്ങി.

കണ്ണൂരില്‍ സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനം തുടങ്ങി. പയ്യന്നൂര്‍ കണ്ടങ്കാളിയിലാണ് സര്‍വേ തുടങ്ങിയത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കിയാണ് വിവര ശേഖരണം.

കണ്ണൂര്‍ ജില്ലയില്‍ മാത്രം കെ റെയില്‍ കടന്നുപോകുന്ന 61. 7 കിലോ മീറ്റര്‍ ദൂരത്ത് 20 വില്ലേജുകളിലായി നൂറ്റി എട്ട് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്.

പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നത് മൂലമുണ്ടാകുന്ന ആഘാതങ്ങള്‍, ബാധിക്കുന്ന കുടുംബങ്ങള്‍, നഷ്ടം സംഭവിക്കുന്ന വീടുകള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ വിവരശേഖരണത്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്.

കോട്ടയം ആസ്ഥാനമായുള്ള കേരള വൊളണ്ടിയര്‍ ഹെല്‍ത് സര്‍വീസസ് ആണ് പഠനം നടത്തുന്നത്. പ്രത്യേക ചോദ്യാവലി തയ്യാറാക്കി വൊളണ്ടിയര്‍മാര്‍ വീടുകളിലെത്തും. വീടുകളില്‍ സര്‍വ്വേ നടത്തിയും ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കേട്ടും റിപ്പോര്‍ട്ട് 100 ദിവസത്തിനകം സമര്‍പ്പിക്കാനാണ് ഏജന്‍സിക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദേശം