കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. സഹകരണ വകുപ്പ് സെക്ഷന്‍ 68 പ്രകാരം ഇതിനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പ്രതികളുടെ സ്വത്ത് വിവരങ്ങള്‍ സംബന്ധിച്ച പരിശോധനകളും തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയര്‍ക്കെതിരെ പാര്‍ട്ടി നടപടിയെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിപിഐഎം തൃശൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് ഇന്ന് വീണ്ടും ചേരും. ഇതിനിടെ ബിനാമി പണമുപയോഗിച്ച് പ്രതികള്‍ കൊച്ചിയിലും ബിസിനസ് തുടങ്ങിയിട്ടുണ്ട് എന്നാണ് കണ്ടെത്തല്‍.
പ്രതികളുടെ സ്വത്ത് വിവരങ്ങളും മറ്റ് കണ്ടെത്തലുകളും സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജോയിന്റ് രജിസ്ട്രാര്‍ക്ക് സഹകരണ രജിസ്ട്രാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിലൂടെ എത്രകോടിയുടെ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വ്യക്തമാകും. പ്രതികളുടെ സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള വ്യക്തതയും പുറത്തുവരേണ്ടതുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കഴിഞ്ഞ ദിവസം പ്രതികളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡില്‍ ഇവരുടെ സാമ്പത്തിക സ്രോതസ്സുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേസില്‍ ഇനി രണ്ട് പേര് കൂടി പിടിയിലാകാനുണ്ട്.