കരൾ ഭക്ഷിച്ചാൽ കുഞ്ഞു ജനിക്കുമെന്നു വിശ്വാസം; ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരൾ ചൂഴ്ന്നെടുത്തു.
ഉത്തർപ്രദേശ്: കാൻപുരിലെ ഗതംപുരിലുള്ള ഭദ്രസ് ഗ്രാമത്തി പെൺകുട്ടിയുടെ കരൾ ഭക്ഷിച്ചാൽ കുഞ്ഞു ജനിക്കുമെന്നു വിശ്വസിച്ച് ഏഴു വയസ്സുകാരിയെ കൊലപ്പെടുത്തി കരൾ ചൂഴ്ന്നെടുത്തു. ലൈംഗികമായി പീഡിപ്പിച്ചശേഷമാണു കുട്ടിയെ കൊലപ്പെടുത്തിയത്. ദമ്പതികളായ പരശുറാം, സുനൈന, കൊല നടത്തിയ അങ്കുൽ, ബീരാൻ എന്നിവരടക്കം 6 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.1500 രൂപ പ്രതിഫലം വാങ്ങിയാണ് കൊടുംക്രൂരത പ്രതികൾ ചെയ്തത്.
പൊലീസ് നൽകുന്ന വിശദീകരണം ഇങ്ങനെ: വർഷങ്ങളായി മക്കളില്ലാത്ത ദമ്പതികൾ പെൺകുട്ടിയുടെ കരൾ സംഘടിപ്പിക്കാൻ ബന്ധുവായ അങ്കുലിനെ ചുമതലപ്പെടുത്തി. ഇയാൾ ബീരാനെ ഒപ്പം കൂട്ടി. അങ്കുലിന് 500 രൂപയും ബീരാന് 1000 രൂപയുമായിരുന്നു പ്രതിഫലം. 14ന് ദീപാവലി ദിവസം രാത്രിയാണു കൃത്യം നടത്തിയത്. തൊട്ടടുത്ത കടയിൽനിന്നു സാധനം വാങ്ങാൻ പോയതായിരുന്നു കുട്ടി.
പടക്കം വാങ്ങിത്തരാമെന്നു പറഞ്ഞ് അങ്കുലും ബീരാനും കുട്ടിയെ കൂടെക്കൂട്ടി. ഇരുവരും മദ്യലഹരിയിലായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തു വച്ചു പീഡിപ്പിച്ചു. തുടർന്നു കൊലപ്പെടുത്തിയശേഷം കരൾ ചൂഴ്ന്നെടുത്തു മൃതദേഹം ഉപേക്ഷിച്ചു കടന്നു. ഇവർ കൊണ്ടുവന്ന കരളിന്റെ കുറച്ചു ഭാഗം ദമ്പതികൾ കഴിച്ചു. ബാക്കി നായ്ക്കൾക്കു കൊടുത്തു.