കാസര്‍കോഡ് ബദിയടുക്കയിലെ ഒന്നര വയസുകാരന്റെ മരണം കൊലപാതകം.

ബദിയടുക്ക: കാസര്‍കോഡ് ബദിയടുക്കയില്‍ ഒന്നര വയസുകാരന്റെ മരണം കൊലപാതകം. കുഞ്ഞിനെ കിണറ്റിലെറിഞ്ഞ് കൊന്ന അമ്മ ശാരദയെ പൊലീസ് അറസ്റ്റ് ചെയ്തു.

പെര്‍ള കാട്ടുകുക്ക പെര്‍താജെ സ്വദേശി ശാരദയാണ് അറസ്റ്റിലായത്. ഒന്നര വയസ്സുള്ള ഏക മകന്‍ സുസ്തിയെയാണ് കിണറ്റില്‍ എറിഞ്ഞ് കൊന്നത്. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഡിസംബര്‍ നാലിനാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കിണറ്റില്‍ കണ്ടെത്തിയത്.

വീടിനടുത്തുള്ള പൊതു കിണറ്റിൽ ആണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാർ സംശയം ഉന്നയിച്ചതിനെതുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയിരുന്നു. മരണത്തിൽ അസ്വഭാവികത ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ശാരദ അറസ്റ്റിലായത്.

സംഭവ ദിവസം ശാരദ കുട്ടിയെയും എടുത്ത് കിണറ്റിനടുത്തേക്ക് പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. തിരിച്ചുവരുമ്പോൾ കുട്ടി കൈയ്യിലുണ്ടായിരുന്നില്ല. ഇതിനുശേഷം നടത്തിയ തിരച്ചിലിൽ ആണ് കുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ശാരദയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവർക്ക് മാനസികാസ്ഥ്യമുള്ളതായും പറയപ്പെടുന്നു. ഭർത്താവുമായി വഴക്കിടുന്നതും പതിവായിരുന്നു.