കർഫ്യു പിൻവലിക്കുമ്പോൾ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ഉപയോഗിക്കണം: പുതിയ മാർഗനിർദേശവുമായി ഇന്ത്യൻ എംബസി
രക്ഷാദൗത്യത്തിന്റെ ഭാഗമായി പുതിയ മാർഗനിർദേശവുമായി യുക്രൈനിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ ഇന്ത്യക്കാരോട് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാൻ നിർദേശിച്ചു. ഇന്ത്യക്കാർ ഒരുമിച്ച് സംഘങ്ങളായി യാത്ര ചെയ്യണം. കർഫ്യു പിൻവലിക്കുമ്പോൾ അടുത്തുള്ള റെയിൽവേ സ്റ്റേഷനുകൾ ഉപയോഗിക്കണം. ബാഗിൽ അവശ്യവസ്തുക്കൾ മാത്രം കൊണ്ടുപോകുക. ശൈത്യകാല വസ്ത്രങ്ങളും കഴിയുന്നത്ര പണവും കരുതണം. യാത്രയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങരുതെന്നും കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു. ട്രെയിനുകളുടെ കുറിച്ചുള്ള വിവരങ്ങൾക്ക്
ukrzaliznytsia എന്ന ടെലഗ്രാം ചാനൽ ഫോളോ ചെയ്യണം. കൂടുതൽ അതിർത്തികൾ തുറക്കാൻ അയൽ രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.
കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നാണ് ഇന്ത്യൻ എംബസി നിർദേശിച്ചിരിക്കുന്നത്. ഇക്കാര്യം നിർബന്ധമായും ഇന്ത്യക്കാർ പാലിക്കണമെന്ന് എംബസി അറിയിച്ചു.കീവിൽ നിന്നുള്ള ട്രെയിൻ സർവീസ് സൗജന്യമായിരിക്കും. റെയിൽവേ സ്റ്റേഷനുകളിൽ ആദ്യമെത്തുന്നവർക്കാണ് മുൻഗണന ലഭിക്കുക.
സർവീസുകൾ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്റ്റേഷനിലുണ്ടാകും. ഈ അവസരം ഇന്ത്യക്കാർ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ഇന്ത്യൻ എംബസിയുടെ നിർദേശം. അതേസമയം ട്രെയിൻ സർവീസ് ഇന്ത്യക്കാർക്ക് വേണ്ടി മാത്രമുള്ളതാണോയെന്ന കാര്യം വ്യക്തമല്ല.