തീപ്പൊള്ളലേറ്റ കുടുംബത്തിലെ ഇളയ മകനും മരണത്തിന് കീഴടങ്ങി
നാദാപുരം: പതിനാലുകാരന് സ്റ്റെഫിന് കൂടി മരണത്തിന് കീഴ്പെട്ടതോടെ നാദാപുരം ചെക്യാട്ടെ നാലംഗ കുടുംബം ഓര്‍മയായി. രാജുവിന്റെ ഭാര്യ റീന (40), ഇളയ മകന് സ്റ്റെഫിന് (14) എന്നിവരാണ് ഇന്നലെ മരിച്ചത്. ഗൃഹനാഥനും മറ്റൊരു മകനും കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചെക്യാട് കായലോട്ട് താഴെ കീറിയപറമ്ബത്ത് രാജുവിനും ഭാര്യ റീനയ്ക്കും രണ്ട് മക്കള്‍ക്കും തീപ്പൊള്ളലേറ്റത്. വീടിനകത്തു കിടന്നുറങ്ങുകയായിരുന്ന റീനയുടെയും മക്കളുടെയും ദേഹത്തു മണ്ണെണ്ണയൊഴിച്ച് തീവച്ച ശേഷം രാജു സ്വയം തീ കൊളുത്തിയതാണെന്നാണു പൊലീസ് നിഗമനം. തിങ്കളാഴ്ച സമീപത്തെ വിവാഹവീട്ടില്‍നിന്ന് രാത്രി വൈകിയാണ് റീനയും മക്കളും തിരിച്ചെത്തിയത്.
രാജു (50) സംഭവദിവസമായ ചൊവ്വാഴ്ച തന്നെ മരണപ്പെട്ടിരുന്നു. മൂത്ത മകന് സ്റ്റാലിഷ് (17) ബുധനാഴ്ചയും രാജുവിന്റെ ഭാര്യ റീന (40) വ്യാഴാഴ്ച രാവിലെയും ഇളയ മകന് സ്റ്റെഫിന് വൈകീട്ടുമാണ് മരിച്ചത്. ഒമാനിലായിരുന്ന രാജു ഒരു വര്‍ഷം മുന്‍പാണു ജോലി ഒഴിവാക്കി മടങ്ങിയെത്തിയത്. കുടുംബവഴക്കാണ് സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.