ത്രിപുര ഇന്ന് പോളിംഗ് ബൂത്തിലേക്ക്
അഗർത്തല:- ത്രിപുരയിൽ 60 അംഗ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് വ്യാഴാഴ്ച. രാവിലെ ഏഴുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷാവലയത്തിലാണ് സംസ്ഥാനം. അയൽ സംസ്ഥാനങ്ങളായ അസമിലേക്കും മിസോറമിലേക്കുമുള്ള അതിർത്തികൾ കഴിഞ്ഞദിവസം അടച്ചിരുന്നു. വോട്ടെണ്ണൽ നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങൾക്കൊപ്പം മാർച്ച് രണ്ടിന് നടക്കും.
ത്രിപുരയിലെ ജനങ്ങളോട് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഹ്വാനം ചെയ്തു. യുവാക്കളോട് വോട്ടവകാശം വിനിയോഗിക്കാൻ പ്രത്യേകം അഭ്യർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അറുപത് നിയമസഭാ സീറ്റുകളിലേക്കാണ് ത്രിപുരയിൽ വോട്ടെടുപ്പ് നടക്കുന്നത്. വോട്ടിങ്ങിനായി 3, 327 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ പോളിങ്ങ് സ്റ്റേഷനുകളിലും രാവിലെ നീണ്ട ക്യൂ രൂപപ്പെട്ടിട്ടുണ്ട്. സംഘർഷ സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 400 കമ്പനി സിഎപിഎഫ് ജവാൻമാരെയും 9000 ത്രിപുര സ്റ്റേറ്റ് റൈഫിൾസിനെയും, 6000 പോലീസ് ഉദ്യോഗസ്ഥരെയും സ്ഥലത്ത് സുരക്ഷാ പ്രശ്നങ്ങൾ കണക്കിലെടുത്ത് വിന്യസിച്ചിട്ടുണ്ട്