ബുറേവി ചുഴലിക്കാറ്റ് ഇന്ന് ലങ്കൻ തീരംതൊടും, കേരളത്തിൽ അതീവ ജാഗ്രത

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് നിലവില്‍ കന്യാകുമാരിയില്‍ നിന്നും 740 കിലോമീറ്റര്‍ അകലെയെത്തി.ബുറേവി ഇന്ന് ലങ്കൻ തീരംതൊടും, കേരളത്തിൽ അതീവ ജാഗ്രത നിർദേശം. ശ്രീലങ്കയും കടന്ന് തമിഴ്നാട് തീരത്തേക്ക് കാറ്റ് അടുക്കുന്നതോടെയാണ് കേരളത്തില്‍ ബുറെവിയുടെ സ്വാധീനം ആരംഭിക്കുക. നാളെ ഉച്ചമുതല്‍ മറ്റന്നാള്‍ ഉച്ചവരെ തെക്കന്‍ ജില്ലകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

ഈ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തെക്കന്‍ ജില്ലകളില്‍ പ്രത്യേകിച്ചും കനത്ത മഴയ്ക്കും കാറ്റിനും ബുറെവി വഴി തുറക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവില്‍ 11 കിലോമീറ്റര്‍ വേഗതയിലാണ് ബുറെവി ചുഴലിക്കാറ്റ് മുന്നോട്ട് നീങ്ങുന്നത്. തമിഴ്നാട്ടിലെ ട്രിങ്കോമാലിക്ക് 330 കിലോമീറ്ററും കന്യാകുമാരിക്ക് 740 കിലോമീറ്ററും അകലെയായിട്ടാണ് ചുഴലിക്കാറ്റിന്‍്റെ സാന്നിധ്യം. അടുത്ത 12 മണിക്കൂറില്‍ കൂടുതല്‍ കരുതാര്‍ജ്ജിക്കുന്ന ബുറെവി പടിഞ്ഞാറ് – വടക്ക് പടിഞ്ഞാറ് ദിശയില്‍ തന്നെ സഞ്ചരിച്ച്‌ ഇന്ന് രാത്രി തന്നെ ശ്രീലങ്കന്‍ തീരത്ത് പ്രവേശിക്കും എന്നാണ് പ്രവചനം.

മണിക്കൂറില്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ ശ്രീലങ്കയില്‍ പ്രവേശിക്കുന്ന കാറ്റ് തുടര്‍ന്നും വടക്ക് – പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ച്‌ വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാവും തമിഴ്നാട് തീരത്ത് എത്തുക. തമിഴ്നാട് തീരത്തേക്ക് നാളെ ഉച്ചയോടെ ചുഴലിക്കാറ്റ് എത്തുമ്ബോള്‍ മുതല്‍ തെക്കന്‍ കേരളത്തില്‍ അതിന്‍്റെ ആഘാതം അനുഭവപ്പെട്ട് തുടങ്ങും. തിരുവനന്തപുരം മുതല്‍ പാലക്കാട് വരെയുള്ള ജില്ലകളില്‍ വ്യാപകമായും തിരുവനന്തപുരം അടക്കമുള്ള അടക്കമുള്ള ജില്ലകളില്‍ അതിതീവ്രമഴയ്ക്കും സാധ്യതയുണ്ട്.

കന്യാകുമാരിയില്‍ വച്ച്‌ കരയില്‍ പ്രവേശിക്കുന്ന കാറ്റ് കന്യാകുമാരി തീരത്ത് കൂടി സഞ്ചരിച്ച്‌ അറബിക്കടലില്‍ പ്രവേശിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചുഴലിക്കാറ്റ് നേരിട്ട് കേരളത്തില്‍ പ്രവേശിക്കില്ലെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധരുടെ പ്രവചനം. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. വെള്ളിയാഴ്ച തിരുവനന്തപുരം മുതല്‍ ഇടുക്കി വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 48 വില്ലേജുകളില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മത്സ്യബന്ധനത്തിന് പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടല്‍ത്തീരത്ത് സഞ്ചാരികള്‍ക്കും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി.

തീരദേശവാസികള്‍ക്ക് സര്‍ക്കാര്‍ കര്‍ശന മുന്നറിയിപ്പ് ഇതിനോടകം നല്‍കിയിട്ടുണ്ട്. എല്ലാവരും എമര്‍ജന്‍സി കിറ്റുകള്‍ തയ്യാറാക്കി വയ്ക്കണമെന്നും കിംവദന്തികള്‍ വിശ്വസിക്കുകയോ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മത്സ്യത്തൊഴിലാളികള്‍ ബോട്ട്, വള്ളം, വല എന്നിവ സുരക്ഷിതമായി സൂക്ഷിക്കണം. സുരക്ഷിതമായ മേല്‍ക്കൂരയില്ലാത്തവര്‍ അവിടം വിട്ടു മാറണം.

മൊബൈല്‍ഫോണുകളില്‍ ചാര്‍ജ് ഉറപ്പാക്കണെന്നും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നു. അടിയന്തര സാഹചര്യത്തില്‍ ക്യാമ്ബുകളിലേക്ക് മാറേണ്ടിവന്നാല്‍ കൊവിഡ് ചട്ടം പാലിക്കണമെന്നും സംശയങ്ങള്‍ ഉണ്ടായാല്‍ 1077 നമ്ബറില്‍ വിളിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.