പരിശീലനം ആരംഭിച്ചു
അസാപ്പിന്റെ നേതൃത്വത്തില്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് സിഎന്‍സി മാസ്റ്റര്‍ ട്രെയിനേഴ്സിനുള്ള പരിശീലനം തലശ്ശേരി എന്‍ടിടിഎഫ് ക്യാമ്പസില്‍ ആരംഭിച്ചു. പോളിടെക്നിക് കോളേജുകളിലെ വിദ്യാര്‍ഥികളെ തൊഴില്‍ സജ്ജരാക്കുന്നതോടൊപ്പം പഠന സമയത്ത് ക്യാമ്പസില്‍ തന്നെ തൊഴില്‍ അവസരങ്ങള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് പദ്ധതിക്ക് രൂപം നല്‍കിയത്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ പോളിടെക്നിക് കോളേജുകളില്‍ അത്യാധുനിക മെഷീനുകള്‍ അസാപ് വഴി വിതരണം ചെയ്തിട്ടുണ്ട്. സിഎന്‍സി മെഷീനുകള്‍ ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ വിവിധ പോളിടെക്നിക്കുകളില്‍ നിന്നും തെരഞ്ഞെടുത്ത അധ്യാപകര്‍ക്കാണ് പരിശീലനം നല്‍കുന്നത്. പത്തു ദിവസം നീണ്ടു നില്ക്കുന്ന പരീശീലന പരിപാടിയുടെ ഉദ്ഘാടനം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖല ജോയിന്റ് ഡയറക്ടര്‍ കെ എം രമേശ് നിര്‍വ്വഹിച്ചു. എസ്ഐടിടിആര് ഡെപ്യൂട്ടി ഡയറക്ടര്‍ എ എസ് ചന്ത്രകാന്ത അധ്യക്ഷയായി. എന്‍ടിടിഎഫ് പ്രിന്‍സിപ്പല്‍ അയ്യപ്പന്, അസാപ് പരിശീലന വിഭാഗം മേധാവി ടി വി ഫ്രാന്‍സിസ്, ഐടി വിഭാഗം മേധാവി വി വി വിജില്‍ കുമാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ കൃഷ്ണന് കോളിയോട്ട്് തുടങ്ങിയവര്‍ പങ്കെടുത്തു.