പുതിയ റിലീസുകള്‍
കൊവിഡ് പശ്ചാത്തലത്തില്‍ അഞ്ച് മാസമായി അടഞ്ഞുകിടക്കുന്ന തീയേറ്ററുകള്‍ ഇനിയും തുറന്നിട്ടില്ലാത്തതിനാല്‍ മലയാള സിനിമയ്ക്ക് ഇത്തവണത്തെ ഓണം സീസണും നഷ്ടമാവുകയാണ്. എന്നാല്‍ തീയേറ്ററുകള്‍ അടഞ്ഞുതന്നെയെങ്കിലും പുതിയ റിലീസുകള്‍ ഈ ഓണത്തിനുമുണ്ട്. നേരത്തെ തീയേറ്റര്‍ റിലീസ് ലക്ഷ്യമാക്കി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമകളും കൊവിഡ് കാലത്ത് പരിമിത സാഹചര്യങ്ങളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ സിനിമയും അക്കൂട്ടത്തിലുണ്ട്. നേരിട്ടുള്ള ടെലിവിഷന്‍ റിലീസും ഒടിടി റിലീസും ഉണ്ട്.മൂന്ന് സിനിമകളാണ് മലയാള സിനിമാപ്രേമികളെ തേടി ഈ ഓണക്കാലത്ത് എത്തുന്നത്.
കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്ടൊവീനോ തോമസിനെ നായകനാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രം. നിര്‍മ്മാണം ആന്റോ ജോസഫ്. മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റേണ്ടിവരുകയായിരുന്നു.
ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് നായിക. ജോജു, ജോര്‍ജ്, ബേസില്‍ ജോസഫ് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയാണ് ഓണത്തിന് പ്രേക്ഷകരിലേക്ക് ചിത്രം എത്തുന്നത്. തിരുവോണദിനത്തില്‍ ഏഷ്യാനെറ്റിലാണ് സംപ്രേഷണം. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക്
സി യു സൂണ്വലിയ വിജയം നേടിയ ടേക് ഓഫിനു ശേഷം മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന ചിത്രം. കൊവിഡ് പശ്ചാത്തലത്തില്‍ തങ്ങളുടെ വര്‍ക് ഫ്രം ഹോം ആയിരുന്നു ഈ ചിത്രം എന്നാണ് സംവിധായകന് പറഞ്ഞിരിക്കുന്നത്. മൊബൈല്‍ ഫോണ്‍ ക്യാമറ അടക്കം ഉപയോഗപ്പെടുത്തിയായിരുന്നു ചിത്രീകരണം.
ഫഹദ് ഫാസില്‍, റോഷന് മാത്യു, ദര്‍ശന രാജേന്ദ്രന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തില്‍ മുന്‍പ് കണ്ടിട്ടില്ലാത്ത തരത്തിലുള്ള ദൃശ്യാനുഭവമായിരിക്കും ചിത്രമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഡയറക്ട് ഒടിടി റിലീസ് ആണ് ചിത്രം.
ആമസോണ്‍ പ്രൈം വീഡിയോയിലൂടെ അവിട്ടം ദിനത്തില്‍ (സെപ്റ്റംബര്‍ 1) പ്രീമിയര്‍. ചിത്രത്തിന്റെ ട്രെയ്ലറിന് വലിയ പ്രതികരണമാണ് ലഭിച്ചത്. തുടര്‍ ഒടിടി റിലീസുകളിലൂടെ ഫഹദിന് കേരളത്തിന് പുറത്തും ലഭിച്ചുകൊണ്ടിരിക്കുന്ന സ്വീകാര്യത പുതിയ ചിത്രത്തിനും ഗുണമാകുമെന്നാണ് കരുതപ്പെടുന്നത്.
മണിയറയിലെ അശോകന്ദുല്ഖര് സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയറര്‍ ഫിലിംസിന്റേതായി പുറത്തുവരുന്ന രണ്ടാമത്തെ ചിത്രം. ദുല്‍ഖറിന്റെ അടുത്ത സുഹൃത്ത് കൂടിയായ ജേക്കബ് ഗ്രിഗറിയാണ് നായകന്. നായിക അനുപമ പരമേശ്വരന്.
നവാഗതനായ ഷംസു സായ്ബാ ആണ് സംവിധാനം. ജേക്കബ് ഗ്രിഗറിയുടെ ഇതുവരെ കാണാത്ത തരം കഥാപാത്രവും പ്രകടനവുമായിരിക്കും ചിത്രത്തിലേതെന്നാണ് ട്രെയ്ലര് നല്കുന്ന സൂചന. സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, കൃഷ്ണശങ്കര്, വിജയരാഘവന്, ഇന്ദ്രന്‍സ്, സുധീഷ്, ശ്രീലക്ഷ്മി, നയന, ശ്രീദ ശിവദാസ് തുടങ്ങി വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
ഒടിടി ഡയറക്ട് റിലീസ് ആണ് ചിത്രം. സൂഫിയും സുജാതയും എന്ന ചിത്രത്തിനു ശേഷമുള്ള മലയാളത്തിലെ രണ്ടാമത്തെ ഡയറക്ട് ഒടിടി റിലീസ്. തിരുവോണദിനത്തില്‍ നെറ്റ്ഫ്ളിക്സില്‍