മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ചു
മലപ്പുറം എടവണ്ണയിൽ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണം സ്വർണക്കടത്ത് – ലഹരി മാഫിയ സംഘങ്ങളിലേക്കും വ്യാപിപ്പിച്ചു പൊലീസ്. സംഭവത്തിൽ കൊല്ലപ്പെട്ട റിദാൻ ബാസിലിന്റെ രണ്ട് സുഹൃത്തുക്കൾ പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. റിദാൻ മൂന്ന് ആഴ്ച്ച മുന്പാണ് മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചു പുറത്തിറങ്ങിയത്. എടവണ്ണ മുണ്ടേങ്ങര, തിരുവാലി സ്വദേശികളായ രണ്ട് പേർ ആണ് ഇന്നലെ മുതൽ പൊലിസ് കസ്റ്റഡിയിൽ തുടരുന്നത്.
തിരുവാലി സ്വദേശിയെ ഇന്ന് പുലർച്ചെ നാലുമണിക്ക് വിട്ടയച്ചിരുന്നു എങ്കിലും വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിക്കുകയായിരുന്നു. സ്വർണക്കടത്തു ബന്ധമുള്ള റിദാന്റെ സുഹൃത്തുക്കൾ കേന്ദ്രീകരിച്ചും റിദാൻ നേരത്തെ മയക്കുമരുന്ന് കേസിൽ പ്രതി ആയതിനാൽ മയക്കുമരുന്ന് മാഫിയ സംഘങ്ങളിലേക്കും പൊലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. സ്വർണ കടത്തുമായി റിദാന് ബന്ധം ഉണ്ടോ എന്നും പോലീസ് പരിശോധിക്കുന്നു. സംശയം ഉള്ള ചിലരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. പൊലീസ് കസ്റ്റഡിയിൽ തുടരുന്ന തിരുവാലി സ്വദേശി പരസ്പര വിരുദ്ധമായ മറുപടി നൽകുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.
ഇന്നലെയാണ് ചെമ്പക്കുത്ത് മലയിൽ റിദാനെ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് വെടിയുണ്ടകൾ ഏറ്റ മുറിവ് റിദാന്റെ ശരീരത്തിൽ ഉണ്ട്. ഒരു വെടിയുണ്ട ശരീരത്തിന് ഉള്ളിൽ നിന്നും കണ്ടെത്തി. തലക്ക് പിന്നിലും വയറിലും ആഴത്തിൽ മുറിവ് ഉണ്ട്. ചെറിയ പെല്ലെറ്റ് ആണ് ശരീരത്തിനുള്ളിൽ നിന്ന് ലഭിച്ചത്. എയർ ഗൺ ആകാം വെടിവെയ്ക്കാൻ ഉപയോഗിച്ചത് എന്നാണ് പോലീസ് നിഗമനം. ഇതുമായി ബന്ധപ്പെട്ടു വിദഗ്ദ പരിശോധനക്ക് നടക്കുണ്ട്. നിലമ്പൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ആണ് അന്വേഷണം പുരോഗമിക്കുന്നത്