മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ആറായി
കോട്ടയം: അതിതീവ്ര മഴയിലും മലവെള്ളപ്പാച്ചിലിലും ഉരുൾപ്പൊട്ടലിലും മരിച്ചവരുടെ എണ്ണം ആറായി. കോട്ടയം കൂട്ടിക്കലിൽ നിന്ന് ഇന്ന് രാവിലെ ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഇളംകോട് സ്വദേശിയായ ഷാലറ്റ് (29) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ ഇവിടെ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ ഇന്ന് കണ്ടെടുത്ത ഷാലറ്റിന്റെ മൃതദേഹം കൂട്ടിക്കലിൽ കാണാതായതായി റിപ്പോർട്ട് ചെയ്തവരിൽ ഉൾപ്പെട്ടതല്ല.
ഇതിനിടെ കേരള തീരത്തുള്ള ന്യൂനമർദത്തിന്റെ ശക്തി കുറഞ്ഞുവരികയാണെന്നത് ആശ്വാസം പകരുന്നുണ്ട്. അതേസമയം അടുത്ത് മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കി മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാമ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്