മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ.

കൊച്ചി: ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടനും നിര്‍മാതാവുമായ വിജയ് ബാബു ഹൈക്കോടതിയിൽ.പുതുമുഖ നടി നല്‍കിയ പരാതിയിലാണ് പൊലീസ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. ഹര്‍ജി ഹൈക്കോടതി ഉച്ചയ്ക്കു പരിഗണിക്കും.

കേസെടുത്തതിനു പിന്നാലെ വിജയ് ബാബു ദുബൈയിലേക്കു പോയതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ബംഗളൂരു വഴിയാണ് വിജയ് ബാബു രാജ്യം വിട്ടതെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാഗരാജു പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി എന്നറിഞ്ഞതോടെ, കഴിഞ്ഞ ഞായറാഴ്ചയാണ് വിജയ് ബാബു ദുബൈയിലേക്ക് കടന്നുകളഞ്ഞത്. കീഴടങ്ങാതെ നടന് മറ്റു വഴികളില്ലെന്നും നടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ആണ് ഓരോ നിമിഷവും തെളിയുന്നതെന്നും നാഗരാജു മാധ്യമങ്ങളോട് പറഞ്ഞു.