രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഒന്‍പതായി.
ന്യൂഡൽഹി∙ രാജ്യത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഒന്‍പതായി. കേരളത്തിനു പുറമേ മഹാരാഷ്്ട്ര, ഡല്‍ഹി, ഗുജറാത്ത്, യുപി, രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിൽ പക്ഷിപ്പനി നേരത്തേ കണ്ടെത്തിയിരുന്നു.
ഗുജറാത്തിലും രാജസ്ഥാനിലും ഹിമാചലിലും കാക്കകൾക്കും കാട്ടുപക്ഷികൾക്കുമാണു രോഗം ബാധിച്ചത്. ഹരിയാനയിലാണ് ഏറ്റവും കൂടുതൽ പക്ഷികൾ ചത്തൊടുങ്ങിയത്. കഴിഞ്ഞ ആഴ്ചകളിൽ നാല് ലക്ഷത്തിലേറെ പക്ഷികള്‍ ചത്തതായാണ് കണക്ക്. ജമ്മു കശ്മീരിലും ഛത്തീസ്ഗഡിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിൽ 3 മാസത്തേക്ക് കർശന ജാഗ്രത പാലിക്കണമെന്ന് ഉന്നതതല കേന്ദ്ര സംഘം ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളിൽ നിന്ന് സാംപിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയയ്ക്കുന്നതു തുടരാനും നിർദേശം നൽകിയിരുന്നു. രോഗം മനുഷ്യരിലേക്ക് പടരാതിരിക്കാൻ കർശന നടപടികൾ കൈക്കൊള്ളാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് കർശന നിർദേശം നൽകിയിരുന്നു.