റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി

ദുബായ് : ഗള്‍ഫിലെ ആദ്യത്തെ മലയാളം റേഡിയോ പ്രക്ഷേപണ നിലയമായ റേഡിയോ ഏഷ്യയുടെ ഈ വര്‍ഷത്തെ വാര്‍ത്താ താരമായി കേരളത്തിന്റെ ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജയെ ശ്രോതാക്കള്‍ തെരഞ്ഞെടുത്തു.

ഇന്ത്യയില്‍ ആദ്യമായി കേരളത്തില്‍ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ഒട്ടും പതറാതെ അര്‍പ്പണ മനോഭാവത്തോടെ നിസ്വാര്‍ത്ഥ സേവനവുമായി ആരോഗ്യമേഖലയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കാണിച്ച നേതൃപാടവം കൂടി പരിഗണിച്ചാണ് കേരളത്തിന്റെ ആരോഗ്യമന്ത്രിയെ 2020 ലെ റേഡിയോ ഏഷ്യ News Perosn of The Year ആയി പ്രവാസലോകം തെരഞ്ഞടുത്തത്.

മലയാളികളുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടുകയും അവര്‍ക്ക് വേണ്ട സഹായ സഹകരണങ്ങള്‍ നല്‍കുകയും ചെയ്യുന്ന ജനകീയ റേഡിയോ പ്രസ്ഥാനമാണ് റേഡിയോ ഏഷ്യ. കഴിഞ്ഞ എട്ടു വര്‍ഷമായി റേഡിയോ ഏഷ്യ, ശ്രോതാക്കളുടെ പങ്കാളിത്തത്തോടെ നടത്തുന്ന News Perosn of The Year ക്യാമ്പയിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പോയ വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, അഷ്റഫ് താമരശ്ശേരി, പ്രളയ രക്ഷകര്‍ മത്സ്യ തൊഴിലാളികള്‍, പ്രളയസമയത്ത് സ്വന്തം കടയിലെ വസ്ത്രം മുഴുവന്‍ പാവപ്പെട്ടവര്‍ക്ക് നല്‍കിയ നൗഷാദ്, തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ മാന്‍ഹോളില്‍ വീണ് മരണത്തിന് കീഴടങ്ങിയ നൗഷാദ്, കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങിയവര്‍ പോയവര്‍ഷങ്ങളില്‍ News Perosn of The Year ആയി തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്.