റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ഇന്നു മുതല്‍ അവസരം
തിരുവനന്തപുരം: റേഷന്‍ കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റം വരുത്താന്‍ ഉപയോക്താക്കള്‍ക്കു ഇന്നു മുതല്‍ അവസരം.തെളിമ കാര്‍ഡ് ശുദ്ധീകരണ പദ്ധതി’ക്ക് തിങ്കളാഴ്ച തുടക്കമാകുമെന്ന് ഭക്ഷ്യമന്ത്രി ജി ആര് അനില്‍ പറഞ്ഞു. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്മെന്റ് സിസ്റ്റം(ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റ് തിരുത്താനും വിവരം പുതുക്കാനും അവസരമുണ്ടാകും.
അംഗങ്ങളുടെ പേര്, വയസ്, മേല്‍വിലാസം, കാര്‍ഡ് ഉടമയുമായുള്ള ബന്ധം, എല്‍.പി.ജി- വൈദ്യുതി എന്നിവയില്‍ ഉണ്ടായിട്ടുള്ള മാറ്റങ്ങള്‍, ഏറ്റവും പുതിയ വിവരങ്ങളുടെ ഉള്‍പ്പെടുത്തല്‍ എന്നിവ സാധ്യമാകും. മരണപ്പെട്ടവരുടെ പേര് കാര്‍ഡില്‍നിന്നു നീക്കം ചെയ്യുന്നതിനും പുതിയ അംഗങ്ങളെ കൂട്ടിച്ചേര്‍ക്കുന്നതിനും സാധിക്കും. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15 വരെയാണ് തിരുത്തലുകള്‍ക്കും കൂട്ടിച്ചേര്‍ക്കലുകള്‍ക്കും സമയം അനുവദിച്ചിരിക്കുന്നത്.