സഞ്ജുവിന് ബിസിസിഐയുടെ വാർഷിക കരാർ; ഉൾപ്പെട്ടത് ഗ്രേഡ് സിയിൽ
മലയാളി താരം സഞ്ജു സാംസണ് ബിസിസിഐയുടെ വാർഷിക കരാർ. ഏറ്റവും പുതിയ വാർഷിക കരാറിൽ സഞ്ജുവും ഇടം പിടിച്ചിട്ടുണ്ട്. ഒരു കോടി രൂപ ശമ്പളം ലഭിക്കുന്ന ഗ്രേഡ് സിയിലാണ് സഞ്ജു. നിലവിൽ ഐപിഎലിനു മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാമ്പിൽ പരിശീലനത്തിലാണ് താരംഏഴ് കോടി രൂപ വാർഷിക ശമ്പളം ലഭിക്കുന്ന ഗ്രേഡ് എ പ്ലസ് ആണ് ഏറ്റവും ഉയർന്ന ഗ്രേഡ്. ഇതിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കൊപ്പം വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഉൾപ്പെട്ടു. 5 കോടി രൂപ ശമ്പളം ലഭിക്കുന്ന ഗ്രേഡ് എയിൽ ഹാർദിക് പാണ്ഡ്യ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ഋഷഭ് പന്ത്, അക്സർ പട്ടേൽ എന്നിവരും മൂന്ന് കോടി രൂപ ലഭിക്കുന്ന ഗ്രേഡ് ബിയിൽ ചേതേശ്വർ പൂജാര, കെഎൽ രാഹുൽ, ശ്രേയാസ് അയ്യർ, മുഹമ്മദ് സിറാജ്, സൂര്യകുമാർ യാദവ്, ശുഭ്മൻ ഗിൽ എന്നിവരുമാണ് ഉള്ളത്.
ഉമേഷ് യാദവ്, ശിഖർ ധവാൻ, ശാർദുൽ താക്കൂർ, ഇഷാൻ കിഷൻ, ദീപക് ഹൂഡ, യുസ്വേന്ദ്ര ചഹാൽ, കുൽ-ദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, കെഎസ് ഭരത് എന്നിവരാണ് സഞ്ജുവിനൊപ്പം ഗ്രേഡ് സിയിൽ ഉള്ളത്.