സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തട്ടിപ്പ് നടത്തിയ കണ്ണൂർ സ്വദേശി പിടിയിൽ
തൃശ്ശൂർ: സുപ്രീംകോടതി ജഡ്ജി ചമഞ്ഞ് തൃശൂര്‍ പാലിയേക്കര സ്വദേശിയില്‍ നിന്ന് പന്ത്രണ്ടര ലക്ഷം രൂപ തട്ടിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി ജിഗീഷാണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയിലായത്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ അന്നമനയിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന ജിഗീഷിനെ അന്വേഷണ സംഘം കണ്ടെത്തുകയായിരുന്നു.
സുപ്രിംകോടതി ജഡ്ജിയുടെ പേരില്‍ തട്ടിപ്പ് നടത്തിയ ആളെ പിടികൂടുവാന്‍ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് ജിഗീഷിനെ പിടികൂടിയത്.
2019 ലുണ്ടായ ക്രെയിന്‍ അപകടവുമായി ബന്ധപ്പെട്ട് പുതുക്കാട് പൊലീസ് എടുത്ത കേസ് റദ്ദാക്കിത്തരാം എന്ന് പറഞ്ഞാണ് ഇയാള്‍ പാലിയേക്കര സ്വദേശിയില്‍ നിന്നും പണം തട്ടിയത്. പ്രതിയുടെ സംഘത്തില്‍പെട്ട ഒരാള്‍ ക്രെയിന്‍ സര്‍വ്വീസ് ഉടമസ്ഥരെ സമീപിക്കുകയും, തനിക്ക് പരിചയത്തിലുള്ള ഒരു സുപ്രിംകോടതി ജഡ്ജി ഉണ്ടെന്നും അദ്ദേഹം എല്ലാം ശരിയാക്കിതരുമെന്നും പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ടോള്‍ പ്ലാസക്ക് സമീപം വച്ച് ബെന്‍സ് കാറിലാണ് ജിഗീഷ് ജഡ്ജി ചമഞ്ഞ് ആദ്യം എത്തിയത്. പിന്നീട് ആദ്യ ഗഡുവായി അഞ്ചര ലക്ഷം രൂപ നേരിട്ട് വാങ്ങുകയായിരുന്നു.
തുടര്‍ന്ന് മറ്റൊരു ദിവസം എത്തി ടോള്‍ പ്ലാസക്ക് സമീപം വച്ച് ബാക്കി തുകയും വാങ്ങി. ഒരാഴ്ചക്കകം കേസ് റദ്ദാക്കിയതിന്റെ ഓര്‍ഡര്‍ കിട്ടും എന്നും അറിയിക്കുകയായിരുന്നു. ആഴ്ചകള്‍ കഴിഞ്ഞിട്ടും വിവരം ഒന്നും ലഭിക്കാതിരുന്നപ്പോള്‍ ക്രെയിന്‍ ഉടമ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. പ്രതി കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.