സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി.

കൊൽക്കത്ത: നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിച്ചിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. കൊറോണറി ധമനികളിൽ തടസങ്ങൾ കണ്ടെത്തിയ രണ്ടിടത്ത് വ്യാഴാഴ്ച സ്റ്റെൻഡ് ഘടിപ്പിക്കുകയും ചെയ്തു.ബുധനാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ബുധനാഴ്ച പതിവ് ഹൃദയ പരിശോധനയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയും ഇസിജിയിൽ ചെറിയ വ്യതിയാനം കാണിക്കുകയും ചെയ്തതോടെ ഗാംഗുലിയെ കൊൽക്കത്തയിലെ അപ്പോളോ ഗ്ലെനെഗൽസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഈ മാസം ആദ്യം ഹൃദയാഘാതം അനുഭവപ്പെട്ട ഗാംഗുലിയുടെ ഹൃദയധമനികളിൽ മൂന്ന് ബ്ലോക്കുകൾ കണ്ടെത്തിയിരുന്നു. ഇതിൽ ഒന്നിനുമാത്രമാണ് അന്ന് സ്റ്റെൻഡ് ഇട്ടത്.

ആൻജിയോപ്ലാസ്റ്റിക്ക് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും എങ്കിലും കർശന നിരീക്ഷണം തുടരുമെന്നും അപ്പോളോ ഗ്ലെനെഗൽസ് ആശുപത്രി പത്രക്കുറിപ്പിൽ വ്യക്തമാക്കി.