ഹജ്ജ്: സംസ്ഥാനത്ത് ഓണ്‍ലൈന്‍ മുഖേന ലഭിച്ചത് 19,531 അപേക്ഷകള്‍

മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് അപേക്ഷിക്കുന്നതിനുളള സമയപരിധി അവസാനിച്ചു. 19,531 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് ഇത് വരെ ഓണ്‍ലൈന്‍ മുഖേന ലഭിച്ചത്.അപേക്ഷകളുടെ സൂക്ഷമ പരിശോധനക്ക് ശേഷമാകും മൊത്തം അപേക്ഷകരുടെ അന്തിമ എണ്ണം ലഭ്യമാകുക.

സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് ഇത് വരെ ഓണ്‍ലൈന്‍ ആയി ലഭിച്ച അപേക്ഷയില്‍ 70 വയസ് വിഭാഗത്തില്‍ 1462 പേരും, 45 വയസിന് മുകളിലുള്ള മഹ്‌റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തില്‍ 2,799 പേരുമാണ് ഉള്ളത്. ജനറല്‍ വിഭാഗത്തില്‍ 15,270 അപേക്ഷകളും ലഭിച്ചു. അപേക്ഷകരില്‍ 11,951 പേര്‍ കരിപ്പൂര്‍ വിമാനത്താവളവും 4,124 പേര്‍ കൊച്ചിയും 3,456 പേര്‍ കണ്ണൂര്‍ വിമാനത്താവളവുമാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയന്‍റായി തെരഞ്ഞെടുത്തിരിക്കുന്നത്. അതേസമയം, അപേക്ഷകര്‍ കുറവായതിനാല്‍ കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചേക്കാം.കേന്ദ്ര വ്യോമയാന മന്ത്രാലയം ഹജ്ജ് സര്‍വിസിനായി വിളിച്ച ടെന്‍ഡറില്‍ സംസ്ഥാനത്ത് നിന്നും 13,300 പേരെയാണ് പ്രതീക്ഷിക്കുന്നത്. കരിപ്പൂര്‍ – 8,300, കൊച്ചി – 2,700, കണ്ണൂരില്‍ നിന്നും 2,300 പേരെയുമാണ് പ്രതീക്ഷിക്കുന്നത് . നിലവിലെ സാഹചര്യത്തില്‍ 70 വയസിന് മുകളിലുളളവര്‍ക്ക് നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിക്കും.അതേസമയം, രണ്ട് ഘട്ടങ്ങളിലായാണ് ഇത്തവണ ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍. രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ നിന്നാകും സര്‍വീസ്.

കേരളത്തില്‍ കൊച്ചി , കോഴിക്കോട്. കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്നുള്ള ഹജ്ജ് സര്‍വീസ് രണ്ടാം ഘട്ടത്തിലാകും ഉള്‍പ്പെടുക. നിലവിലെ ഷെഡ്യൂള്‍ പ്രകാരം രണ്ടാം ഘട്ടത്തിലാണെങ്കിലും തീര്‍ത്ഥാടകര്‍ കുറവുള്ള ഒന്നാം ഘട്ടത്തിലേക്ക് കേരളത്തില്‍ നിന്നുളള ഹജ്ജ് വിമാന സര്‍വീസ് മാറാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് നിന്നുള്ള മദീനയിലേക്കാണ് പുറപ്പെടുക. മടക്കയാത്ര ജൂലൈ 13 മുതല്‍ ആഗസ്റ്റ് രണ്ട് വരെയുമാണ് ക്രമീകരിച്ചിരിക്കുന്നത്.