അച്ഛനോടൊപ്പം പോയി കാണാതായ പെൺകുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
കൊച്ചി: അച്ഛനോടൊപ്പം പോയി കാണാതായ പെൺകുട്ടിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തി. കങ്ങരപ്പടി ശ്രീ ഗോകുലം ഹാർമണി ഫ്ലാറ്റിൽ ബീറ്റാ ഗ്രീൻ 6 എ-യിൽ സനു മോഹന്റെ മകൾ വൈഗ (13) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സനുവിനെ കണ്ടെത്താനായിട്ടില്ല.
ഉച്ചയ്ക്ക് 12.30ന് മഞ്ഞുമ്മൽ പാലത്തിലൂടെ യാത്ര ചെയ്തവരാണ് വൈഗയുടെ മൃതദേഹം കണ്ടത്. മൃതദേഹം എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.
ഞായറാഴ്ച രാത്രി 9.10 മുതൽ ഇരുവരെയും കാൺമാനില്ലെന്നു കാണിച്ച് സനുമോഹന്റെ ബന്ധുവായ പ്രവീൺ ഇന്നലെ തൃക്കാക്കര പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയിൽ പറയുന്നതിങ്ങനെ: സനുമോഹനും ഭാര്യ രമ്യയും മകൾ വൈഗയും 5 വർഷമായി കങ്ങരപ്പടിയിലെ ഫ്ലാറ്റിലാണ് താമസം. ഇന്റീരിയർ ഡിസൈനിങ് ജോലിക്കാരനാണ് സനുമോഹൻ. ഞായർ വൈകിട്ട് ആലപ്പുഴയിലെ ബന്ധുവീട്ടിൽ സനുവും കുടുംബവും ചെന്നിരുന്നു.ഭാര്യയെ അവിടെ ആക്കിയ ശേഷം 7 മണിയോടെ അടുത്തൊരു വീട്ടിൽ പോയി വരാം എന്ന് പറഞ്ഞ് ആ വീട്ടിൽ നിന്ന് പോയി.
രാത്രി 12 മണി വരെ കാണാതായപ്പോൾ തന്നെ പോകുമെന്ന് പറഞ്ഞ വീട്ടിൽ ചെന്ന് അന്വേഷിച്ചു. അവിടെ എത്തിയില്ല എന്നറിഞ്ഞപ്പോൾ ബന്ധുക്കൾ ഫ്ലാറ്റിലെത്തി അന്വേഷിച്ചു.9 10 ന് ഫ്ലാറ്റിന് അടുത്തേക്ക് സനു കാർ ഓടിച്ചു വരുന്നതായി മറ്റൊരു താമസക്കാരും കണ്ടിട്ടുണ്ട്