അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എംഎം മണി കുറ്റവിമുക്തൻ

കൊച്ചി: വിവാദമായ വണ്‍ ടു ത്രീ പ്രസംഗത്തെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത അഞ്ചേരി ബേബി വധക്കേസില്‍ മുന്‍ മന്ത്രി എംഎം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.മണിയും മറ്റു രണ്ടു പ്രതികളും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി അംഗീകരിച്ചു.

1982 നവംബര്‍ പതിമൂന്നിനാണ് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന അഞ്ചേരി ബേബി വധിക്കപ്പെട്ടത്. ഒന്‍പതു പേരായിരുന്നു കേസിപ്രതികള്‍. ഇവിടെ 1988ല്‍ കോടതി വെറുതെ വിട്ടു. ഹൈക്കോടതി ഈ വിധി ശരിവയ്ക്കുകയും ചെയ്തു. എന്നാല്‍ 2012ല്‍ മണിയുടെ വിവാദമായ പ്രസംഗത്തെ തുടര്‍ന്ന് കേസ് വീണ്ടും അന്വേഷിക്കാന്‍ ഉത്തരവിടുകയായിരുന്നു.

സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായിരിക്കേ 2012 മേയ് 25ന് ആയിരുന്നു മണിയുടെ വിവാദ പ്രസംഗം. ‘ഞങ്ങള്‍ ഒരു പ്രസ്താവനയിറക്കി… …വണ്‍, ടൂ, ത്രീ… ഫോര്‍… ആദ്യത്തെ മൂന്നുപേരെ ആദ്യം കൊന്നു. വെടിവച്ചാണ് ഒന്നിനെ കൊന്നത്. ഒരാളെ തല്ലിക്കൊന്നു. മൂന്നാമനെ കുത്തിക്കൊന്നു… ഇങ്ങനെയായിരുന്നു ആ വിവാദപ്രസംഗം. മണക്കാട്ടെ പ്രസംഗത്തെ തുടര്‍ന്നു ബേബി അഞ്ചേരി, മുള്ളന്‍ചിറ മത്തായി, മുട്ടുകാട് നാണപ്പന്‍, വണ്ടിപ്പെരിയാര്‍ ബാലു എന്നീ നാലുപേരുടെ കൊലപാതകക്കേസുകളിലാണു പുനരന്വേഷണത്തിന് ഉത്തരവിട്ടത്. ബാലു വധക്കേസില്‍ തുടരന്വേഷണം വേണ്ടെന്നു പിന്നീടു ഹൈക്കോടതി നിര്‍ദേശിച്ചു.

എംഎം മണിക്കൊപ്പം എന്‍ആര്‍ സിറ്റി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന ഒച്ചാരത്ത് മദനന്‍, കൈനകരി കുട്ടന്‍ എന്നവരാണ് വിടുതല്‍ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്