അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പൾസ് പോളിയോ നൽകി

ജില്ലയിൽ പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു.
ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നതിനായാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്. അഞ്ച് വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികൾക്കും ഒരേ ദിവസം പോളിയോ രോഗത്തിന് എതിരായി തുള്ളി മരുന്ന് നൽകുന്നതിലൂടെ രോഗ സംക്രമണം തടയുകയാണ് ലക്ഷ്യം. രോഗ പ്രതിരോധ ചികിത്സാ പട്ടിക പ്രകാരം പോളിയോ തുള്ളി മരുന്ന് നൽകിയിട്ടുള്ള കുട്ടികൾക്കും പൾസ് പോളിയോ ദിനത്തിൽ വാക്സിൻ നൽകി.
ഒന്നാം ഘട്ടത്തിൽ ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 1880 ബൂത്തുകളും 48 ട്രാൻസിറ്റ് ബൂത്തുകളും 98 മൊബൈൽ ബൂത്തുകളുമാണ് പ്രവർത്തിച്ചത്. എല്ലാ ആരോഗ്യ സ്ഥാപനങ്ങൾ, സബ് സെന്ററുകൾ, അങ്കണവാടി, റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റേഷൻ, പ്രൈവറ്റ് ആശുപത്രികൾ, തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകൾ, ക്ലബ്ബുകൾ എന്നിവിടങ്ങളിലെല്ലാം ബൂത്തുകൾ പ്രവർത്തിച്ചു. ജില്ലയിൽ 182052 കുട്ടികളാണ് അഞ്ചു വയസ്സിൽ താഴെയുള്ളത്. ഇവർക്ക് 3783 ബൂത്തുതല വളണ്ടിയർമാരുടെയും 621 സൂപ്പർവൈസർമാരുടെയും മെഡിക്കൽ ഓഫീസർമാരുടെയും നേതൃത്വത്തിലാണ് വാക്സിൻ നൽകിയത് .
ജില്ലാ ആശുപത്രി അങ്കണത്തിൽ നടന്ന പരിപാടിയിൽ ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എം പ്രീത അധ്യക്ഷത വഹിച്ചു. ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. പി കെ അനിൽ കുമാർ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്നകുമാരി,
ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എം കെ ഷാജ്, ജില്ലാ ആർ സി എച്ച് ഓഫീസർ (ഇൻ ചാർജ്) ഡോ. ബി സന്തോഷ്, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി ലേഖ, എം സി എച്ച് ഓഫീസർ ഇൻ ചാർജ് കെ പി ഗ്ലാഡിസ്, ലയൺസ് ക്ലബ് ഇന്റർനാഷണൽ പ്രതിനിധി ലയൺ എം വിനോദ് കുമാർ, റോട്ടറി ക്ലബ് പ്രതിനിധി റിട്ട. ഡോ കെ കെ രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.