അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.
പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. ഉത്തർപ്രദേശിലാണ് ആദ്യം വോട്ടെടുപ്പ് നടക്കുന്നത്. ആദ്യ ഘട്ടം ഫെബ്രുവരി 10, രണ്ടാം ഘട്ടം ഫെബ്രുവരി 14, മൂന്നാം ഘട്ടം ഫെബ്രുവരി 20, നാലാം ഘട്ടം ഫെബ്രുവരി 23, അഞ്ചാം ഘട്ടം ഫെബ്രുവരി 27, ആറാം ഘട്ടം മാർച്ച് മൂന്ന്, ഏഴാം ഘട്ടം മാർച്ച് ഏഴ്, വോട്ടെണ്ണൽ മാർച്ച് 10 എന്നിങ്ങനെയാണ് വിവിധ തീയതികൾ.

അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 18.34 കോടി വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കും. എല്ലാ പോളിംഗ് സ്റ്റേഷനുകളും ഗ്രൗണ്ട് ഫ്ലോറിൽ ആയിരിക്കും. 24.9 ലക്ഷം കന്നി വോട്ടർമാരാണ് ഉള്ളത്. 11.4 ലക്ഷം സ്ത്രീകളും , 2.16 ലക്ഷം പോളിംഗ് സ്റ്റേഷനുകളുമാണ് ഉള്ളത്. ഒരു സ്റ്റേഷനിൽ പരമാവധി 1250 വോട്ടർമാർക്കാണ് അനുമതി.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതിയ പ്രോട്ടോകോൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇലക്ഷൻ കമ്മിഷൻ. കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും അഞ്ച് സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുകയെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു. ആരോഗ്യ രംഗത്തെ പ്രമുഖരുമായി ചർച്ച നടത്തിയാണ് മുന്നോട്ട് പോകുന്നതെന്ന് ഇലക്ഷൻ കമ്മിഷൻ വ്യക്തമാക്കി. സ്ഥാനാർത്ഥികൾക്ക് ഓൺലൈനായി നാമ നിർദേശ പത്രിക സമർപ്പിക്കാമെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.