അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല; പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി

സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ അശാസ്ത്രീയതയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല. കെ ബാബു എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.

അശാസ്ത്രീയ നിയന്ത്രണങ്ങള്‍ ജനങ്ങളെയും വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നുവെന്നും പൊലീസ് പിഴ ഈടാക്കുന്നുവെന്നും പ്രതിപക്ഷം ആരോപിച്ചു. പെറ്റി സര്‍ക്കാര്‍ എന്ന് ഈ സര്‍ക്കാരിനെ ചരിത്രത്തില്‍ വിലയിരുത്തപ്പെടും എന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചത്.

കടകളിലെത്തുന്നവര്‍ രണ്ടാഴ്ച മുമ്പെങ്കിലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുമ്പുള്ള ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കയ്യില്‍ കരുതണം. രേഖകളുടെ പ്രിന്റ് ഔട്ടോ അല്ലെങ്കില്‍ മൊബൈലിലോ കാണിക്കാം. കൊവിഡ് വന്നുപോയവര്‍ ഒരു മാസം മുമ്പാണ് രോഗം വന്നതെന്ന രേഖയും നല്‍കണം എന്നിങ്ങനെയാണ് കടകളില്‍ പ്രവേശിക്കാനുള്ള മാനദണ്ഡങ്ങള്‍. ഈ നിബന്ധനകള്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുണ്ടെങ്കിലും സഭയില്‍ ഉന്നയിച്ചപ്പോള്‍ ആരോഗ്യമന്ത്രി അക്കാര്യം പറഞ്ഞിരുന്നില്ല. വിഷയത്തില്‍ വ്യക്തത വരുത്തണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്.

പ്രതിപക്ഷം വിഷയം ഉന്നയിച്ചപ്പോള്‍ തന്നെ, പല തവണ ലോക്ക്ഡൗണുമായി ബന്ധപ്പെട്ട് സഭയില്‍ ചര്‍ച്ച നടന്നെന്നും അടിയന്തരപ്രമേയ നോട്ടീസ് നല്‍കുകയുണ്ടായെന്നും ഇതൊരു കീഴ്‌വഴക്കമാക്കരുതെന്നും സ്പീക്കര്‍ പറഞ്ഞു. സഭയില്‍ ഈ പ്രശ്‌നം ഉന്നയിക്കുമ്പോള്‍ ഇതുവരെ പറയാത്ത കാര്യങ്ങള്‍ പറയണമെന്ന് സ്പീക്കര്‍ ഓര്‍മപ്പെടുത്തി.