അടുത്ത അധ്യയന വർഷത്തെ പാഠപുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും: വിതരണോദ്ഘാടനം നാളെ

തിരുവനന്തപുരം: അടുത്ത അധ്യയന വർഷത്തേക്കുള്ള പാഠ പുസ്തകങ്ങളും സൗജന്യ കൈത്തറി യൂണിഫോമും മധ്യവേനൽ അവധിക്കാലത്ത് തന്നെ വിതരണം ചെയ്യും. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്റെ സംസ്ഥാന തല വിതരണ ഉദ്ഘാടനം നാളെ കളമശ്ശേരി ഏലൂർ ജി എച്ച് എസ് എസിലും പാഠപുസ്തകങ്ങളുടെ സംസ്ഥാന തല വിതരണ ഉദ്ഘാടനം ആലപ്പുഴ ലജനത്ത് മുഹമ്മദിയ എച്ച് എസ് എസിലും മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും.

4,75,242 ആൺകുട്ടികൾക്കും 4,57,656 പെൺകുട്ടികൾക്കും അടക്കം ആകെ 9,32,898 കുട്ടികൾക്കാണ് യൂണിഫോം നൽകുന്നത്. ആയതിലേക്ക് 42.5 ലക്ഷം മീറ്റർ തുണിയാണ് ഇതിനായി കൈത്തറി വകുപ്പ് തയ്യാറാക്കി പൊതു വിദ്യാഭ്യാസ വകുപ്പിന് കൈമാറുന്നത്.

ഇത്തവണ മധ്യവേനൽ അവധിക്കാലത്ത് തന്നെ പാഠപുസ്തകങ്ങൾ കുട്ടികളിലേക്ക് എത്തിക്കാനുള്ള മുന്നൊരുക്കങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. ഒന്ന് മുതൽ എട്ടു വരെ ക്ലാസ്സുകളിലെ പാഠ പുസ്തകങ്ങൾ കുട്ടികള്‍ക്ക് സൗജന്യമായാണ് നല്‍കി വരുന്നത്. സർക്കാർ/ എയിഡഡ് സ്കൂളുകളിലെ ഏകദേശം 38 ലക്ഷം കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമാകുന്നത്.