അടുത്ത മൂന്നു ദിവസങ്ങളിലും വ്യാപകമായ മഴ തുടരാന്‍ സാധ്യത

തിരുവനന്തപുരം: ലക്ഷദ്വീപിനു മുകളിലെ ചക്രവാതച്ചുഴിക്ക് പുറമേ, ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിനു സമീപം മറ്റൊരു ചക്രവാതച്ചുഴി കൂടി രൂപംകൊണ്ടു.ഇവയുടെ രണ്ടിന്റെയും സ്വാധീനത്തില്‍ അറബിക്കടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. അതുമൂലം കേരളത്തില്‍ അടുത്ത മൂന്നു ദിവസങ്ങളിലും വ്യാപകമായ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി/മിന്നല്‍/കാറ്റോട് കൂടിയ ശക്തമായ/അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

മെയ് 19 വരെ കേരള ലക്ഷദ്വീപ് കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.