അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം:അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇരട്ട ന്യൂനമര്‍ദ്ദം നിലവിലുണ്ടെങ്കിലും കേരളത്തില്‍ വലിയ സ്വാധീനമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍. അറബിക്കടലിലെ ന്യൂനമര്‍ദ്ദം വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ അകന്ന് പോവുകയാണ്. ഇതിന്റെ സ്വാധീനഫലമായി വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിച്ചേക്കും. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തമിഴ്നാട്, ആന്ധ്രാ തീരത്ത് പ്രവേശിക്കും. ഇതിന്റെ പ്രഭാവത്തില്‍ വെള്ളിയാഴ്ച മുതല്‍, കേരളത്തില്‍ മഴ വീണ്ടും സജീവമാകും.
കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ അടച്ചു. രാത്രി ഒന്‍പതേമുക്കാലിനാണ് ഷട്ടര്‍ അടച്ചത്.ഇടുക്കി ജലനിരപ്പ് 2399.14 അടിയാണിപ്പോള്‍. അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പില്‍ ഇന്നലെ വൈകിട്ട് നേരിയ വര്‍ദ്ധന ഉണ്ടായി.മുല്ലപ്പെരിയാര്‍ 140.65 അടിയായി ഉയര്‍ന്നു
ഇതിനിടെ മഴ കുറഞ്ഞ സാഹചര്യത്തില്‍ തൃശൂര്‍ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് തുറക്കും അതിരപ്പിള്ളി, വാഴച്ചാല്‍ കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ പ്രവേശനത്തിന് അനുമതി ഉണ്ട്. മലക്കപ്പാറയിലേക്കും യാത്ര അനുവദിക്കും