അഡ്വ. പി.സതീദേവി വനിതാ കമ്മിഷൻ അധ്യക്ഷ; ഒക്ടോബറിൽ ചുമതലയേൽക്കും

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മിഷന്റെ പുതിയ അധ്യക്ഷയായി പി. സതീദേവിയെ നിയമിച്ച് സർക്കാർ. ഒക്ടോബർ ഒന്നിന് ചുമതല ഏൽക്കും. പാർട്ടി സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറിയുമാണ്. 2004ൽ വടകരയിൽ നിന്നുള്ള ലോക്സഭാ അംഗമായിരുന്നു.

വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സതീദേവിയെ നേരത്തെ തന്നെ സിപിഎമ്മിൽ ധാരണയായിരുന്നു. സ്ത്രീധന പീഡനം സംബന്ധിച്ച് പരാതി പറഞ്ഞ യുവതിയോട് മോശമായി പെരുമാറിയതിനെ തുടർന്നാണ് മുൻ അധ്യക്ഷ എം.സി ജോസ്ഫൈനെ സ്ഥാനത്തുനിന്ന് മാറ്റിയത്. കാലാവധി അവസാനിക്കാൻ എട്ട് മാസം ബാക്കിയുള്ളപ്പോഴായിരുന്നു ജോസ്ഫൈൻ രാജിവെച്ചത്.