അണ്ടല്ലൂർക്കാവിലേക്ക് നാമ ജപയാത്ര ;സംഘപരിവാർ നേതാക്കൾക്കെതിരെ വഴി തടഞ്ഞതിനും കോവിഡ് ലംഘനത്തിനും കേസ്

തലശ്ശേരി:കോവിഡ്നിയന്ത്രണങ്ങൾ പാലിക്കാതെ അണ്ടലൂർ കാവിനടുത്ത് റോഡിൽ കൂട്ടം ചേർന്ന് കുത്തിയിരുന്ന് മാർർഗ്ഗതടസ്സം സൃഷ്ടിച്ചതിന് സംഘ പരിവാർ നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ധർമ്മടം പോലീസ്സ് കേസെടുത്തു.

നേതാക്കളായ വി.മണിവർണ്ണൻ, പി.വി.ശ്യാം മോഹൻ,ഇ.വി.അഭിലാഷ്, ദിവ്യ ചെള്ളത്ത്, വി.പ്രിജ, എ.ജിനചന്ദ്രൻ ,സി.സുജേഷ് തുടങ്ങി തിരിച്ചറിഞ്ഞ 15 പേർ ഉൾപെടെ കണ്ടാലറിയാവുന്ന 200 ആളുകൾക്കെതിരെയാണ് പോലീസ് സുമോട്ടോ കേസെടുത്തത്. ന്യായവിരുദ്ധമായി സംഘം ചേർന്ന് വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും തടസ്സം സൃഷ്ടിച്ചു.

മനുഷ്യജീവന് അപായം വരുത്തുമാറ് രോഗ പകർച്ചക്ക് ഇടവരുത്തുന്ന രീതിയിൽ കൂട്ടം കൂടി എന്നതാണ് കുറ്റം . അണ്ടലൂർ കാവിലേക്ക് നാമജപയാത്ര നടത്തിയ നേതാക്കളെയും പ്രവർത്തകരെയും കാവിന് സമീപം പൂവാടൻ പ്രകാശൻ സ്മാരക മന്ദിരത്തിനടുത്ത് പോലീസ് തടഞ്ഞിരുന്നു.- ഈ സമയം റോഡിൽ കുത്തിയിരുന്നായിരുന്നു പ്രതിഷേധ സമരം നടത്തിയിരുന്നത്.