അതിദരിദ്രരില്ലാത്ത കേരളം സർക്കാറിന്റെ ലക്ഷ്യം : എം വി ഗോവിന്ദൻ മാസ്റ്റർ
അതിദരിദ്രരില്ലാത്ത കേരളമാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ, ഗ്രാമ വികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ദേശീയ പാതയിൽനിന്ന് കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ വനിതാ ജയിൽ എന്നിവയിലേക്കുള്ള റോഡ്, ജയിൽ സന്ദർശകർക്കുള്ള നവീകരിച്ച കാത്തിരിപ്പ് കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും കണ്ണൂർ സ്‌പെഷ്യൽ സബ് ജയിലിന് ക്ലീൻ കേരള കമ്പനി നിർമ്മിച്ചു നൽകുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി കേന്ദ്രത്തിന്റെ ശിലാസ്ഥാപന കർമ്മവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരസ്പര ആശ്രയമില്ലാതെ ഒറ്റപ്പെട്ട ജീവിതമാണ് അതിദരിദ്രർ പിന്തുടരുന്നത്. പൊതുസമൂഹമായി ജീവിക്കുമ്പോൾ ഇവരെ കൂടി നമ്മുടെ ഒപ്പം കൊണ്ടുവരിക എന്നതാണ് നമ്മുടെ ചുമതല. സൂക്ഷ്മാംശത്തിൽ ഓരോരുത്തരേയും കൃത്യമായി മനസ്സിലാക്കി പൊതുസമൂഹത്തിന്റെ ഭാഗമാക്കുക എന്ന പ്രക്രിയക്ക് സർക്കാർ ആസൂത്രണം ചെയ്ത പരിപാടി ഏപ്രിൽ മാസത്തോടെ ആരംഭിക്കും. നീതി ആയോഗിന്റെ കണക്കിൽ ഇന്ത്യയിൽ പട്ടിണി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. ഒരു ശതമാനത്തോടടുത്താണ് ഇത്. നവീകരണത്തിന് രാഷ്ട്രീയമില്ല. കെ റെയിൽ കേരള സമൂഹത്തിന്റെ വളർച്ചക്ക് ആവശ്യമാണ്. കെ റെയിലിനായി വീട് നഷ്ടപെടുത്തി ആത്മത്യാഗം ചെയ്യുന്നവർക്ക് ഇന്നുള്ളതിനേക്കാൾ മെച്ചപ്പെട്ട ജീവിത നിലവാരം ഒരുക്കും എന്നത് സർക്കാർ നൽകുന്ന ഗ്യാരണ്ടിയാണ്. അവർക്ക് സമ്പൂർണ സന്തോഷം ഉറപ്പാക്കാതെ സർക്കാർ കെ റെയിൽ നടപ്പാക്കില്ല. ഒരു മനുഷ്യന്റെ കണ്ണീര് വീഴ്ത്തി ഒരിഞ്ചു സ്ഥലം പോലും ഏറ്റെടുക്കില്ല. ഡി പി ആറിൽ പ്രയോകിഗമായ മാറ്റങ്ങൾ വരുത്തും .
നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തി ‘ജയിലുകളുടെ നവീകരണം’ പദ്ധതി പ്രകാരം 61 ലക്ഷം രൂപ ചിലവിലാണ് റോഡ് ടാറിംഗ് പ്രവൃത്തി പൂർത്തീകരിച്ചത്. പരിപാടിയോടനുബന്ധിച്ച് 33 വർഷത്തെ സേവനത്തിനുശേഷം സർവീസിൽ നിന്നും വിരമിക്കുന്ന കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ടി.കെ. ജനാർദ്ദനന് യാത്രയയപ്പും നൽകി.
കെ വി സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് ടി. പത്മനാഭൻ മുഖ്യാതിഥിയായി. ഉത്തര മേഖല ജയിൽ ഡിഐജി എം കെ വിനോദ് കുമാർ, കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് ടി കെ ജനാർദ്ദനൻ, പി ഡബ്ല്യുഡി കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ ജിഷാ കുമാരി, ഹരിതകേരള മിഷൻ ജില്ലാ കോർഡിനേറ്റർ ഇ കെ സോമശേഖരൻ, ക്ലീൻ കേരള അസി. മാനേജർ ആശംസ്, കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് വി ജയകുമാർ, കോഴിക്കോട് റീജ്യനൽ വെൽഫെയർ ഓഫീസർ കെ വി മുകേഷ്, പറവൂർ കുരുമുളക് ഗവേഷണ കേന്ദ്രം പ്രൊഫസർ ഡോ. യാമിനി വർമ്മ, കണ്ണൂർ ജില്ലാ ജയിൽ സൂപ്രണ്ട് കെ. വിനോദൻ, വനിതാ ജയിൽ സൂപ്രണ്ട് ഒ വി വല്ലി, തലശ്ശേരി സ്‌പെഷ്യൽ സബ് ജയിൽ സൂപ്രണ്ട് കെ കെ റിനിൽ, കണ്ണൂർ സബ് ജയിൽ സൂപ്രണ്ട് ഐ വി ഒതേനൻ, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി നാരായണൻ കാവുമ്പായി, കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം കെ രാധാകൃഷ്ണൻ, കെജെഇഒഎ സംസ്ഥാന സെക്രട്ടറി പി ടി സന്തോഷ്, കെജെഇഒഎ സംസ്ഥാന പ്രസിഡണ്ട് സി പി റിനീഷ്, കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ വെൽഫെയർ ഒഫീസർ ടി പി സൂര്യ എന്നിവർ സംസാരിച്ചു.