അതിദരിദ്രരെ പൊതു സമൂഹത്തിന്റെ ഭാഗമാക്കണം: മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സര്‍വ്വേ നടത്തി അതിദരിദ്രരെ കണ്ടെത്തിയാല്‍ മാത്രം പോരെന്നും അവര്‍ ഓരോരുത്തരെയും പൊതു സമൂഹത്തിന്റെ ഭാഗമാക്കണമെന്നും തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.
അതിദരിദ്രരെ കണ്ടെത്തല്‍ വിവരശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം കണ്ണപുരം ചുണ്ട ലക്ഷംവീടിന് സമീപം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

പട്ടിക തയ്യാറാക്കുമ്പോള്‍ അര്‍ഹതപ്പെട്ട ഒരാള്‍ പോലും ഒഴിഞ്ഞു പോകാനോ അനര്‍ഹരായ ആളുകള്‍ ഉള്‍പ്പെടാനോ പാടില്ല. എങ്കില്‍ മാത്രമേ ഈ പ്രക്രിയ വിജയത്തിലെത്തുകയുള്ളൂ. അതിനായുള്ള സൂക്ഷ്മ പരിശോധന ആവശ്യമാണ്. മന്ത്രി പറഞ്ഞു.
രാജ്യത്ത് സമീപ കാലത്തൊന്നും സംഘടിപ്പിക്കാന്‍ സാധ്യതയില്ലാത്ത ഒരു പ്രക്രിയ ആണിത്. പിന്നാക്കം നില്‍ക്കുന്നവരെ മുന്നോട്ട് നയിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ശ്രമിക്കുന്നത്. കേരളത്തെ അനുനിമിഷം നവീകരിച്ചു മാത്രമേ മുന്നോട്ട് പോകാന്‍ സാധിക്കൂ. ആ നവീകരണ പ്രവര്‍ത്തങ്ങളുടെ താഴെ തട്ടില്‍ നിന്നുള്ള തുടക്കമാണ് അതിദരിദ്രരെ കണ്ടെത്തല്‍ പ്രക്രിയയെന്നും അദ്ദേഹം പറഞ്ഞു.

കണ്ണപുരം വരുവോല ഹൗസില്‍ നാരായണ്‍ നാരായണി എന്നിവരുടെ കുടുംബ വിവര ശേഖരണം നടത്തിയാണ് മന്ത്രി ഉദ്ഘാടനം നിര്‍വ്വഹിച്ചത്.

പ്രക്രിയയുടെ ഭാഗമായി ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി 1166 വാര്‍ഡുകളിലും ഒമ്പത് മുനിസിപ്പാലിറ്റിയിലും കോര്‍പറേഷനിലുമായി 379 വാര്‍ഡുകളിലും എന്യൂമറേഷന്‍ പ്രവര്‍ത്തനം പുരോഗമിക്കുന്നു.
ഇതിന്റെ ഭാഗമായി മുഴുവന്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലും വാര്‍ഡ്/ ഡിവിഷന്‍ തല സമിതി ചേര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയിലൂടെ അതിദരിദ്രരുടെ പ്രാഥമിക പട്ടിക തയ്യാറാക്കി. വിവിധ സാമൂഹിക സംഘടനകളുമായും, കുടുംബശ്രീ പ്രവര്‍ത്തകരുമായും ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തിയാണ് വിവരശേഖരണത്തിനുള്ള അന്തിമ പട്ടിക തയ്യാറാക്കിയത്. വിവരശേഖരണത്തിന് ശേഷമുള്ള അന്തിമ പട്ടിക തയ്യാറാക്കുന്ന ചുമതല തദ്ദേശ സ്ഥാപനതല ജനകീയ സമിതിക്കാണ്. ജനകീയ സമിതിയുടെ അംഗീകാരത്തിന് ശേഷം ഭരണ സമിതി പ്രാഥമിക അംഗീകാരം നല്‍കും. തുടര്‍ന്ന് വാര്‍ഡ്തല കരട് പട്ടികക്ക് ഗ്രാമസഭയുടെ അംഗീകാരം നേടി ഭരണ സമിതി അംഗീകാരത്തിന് വിധേയമായി അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍ വിശിഷ്ടാതിഥിയായി. പി എ യു പ്രൊജക്ട് ഡയറക്ടര്‍ ടൈനി സൂസന്‍ ജോണ്‍ പദ്ധതി വിശദീകരിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷാജിര്‍, അംഗം പ്രേമ സുരേന്ദ്രന്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ രതി, അംഗം ഒ മോഹനന്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ പി വി രത്‌നാകരന്‍, പഞ്ചായത്ത് വകുപ്പ് സീനിയര്‍ സൂപ്രണ്ട് കെ എന്‍ അനില്‍, കണ്ണപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം കെ നാരായണന്‍കുട്ടി, രാഷ്ട്രീയ-സാമൂഹിക പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.