അത്യാഹിത വിഭാഗത്തിൽ എത്തുന്നവർക്ക് ഏറ്റവും കുറഞ്ഞ സമയത്തിൽ ചികിത്സ: ആരോഗ്യ മന്ത്രി

അതീവ ഗുരുതരാവസ്ഥയിൽ അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികൾക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ചികിത്സ ലഭ്യമാക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. പരിയാരത്ത് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് കെട്ടിട നവീകരണ പ്രവൃത്തിയും അത്യാധുനിക ഡിജിറ്റൽ റേഡിയോഗ്രാഫി യൂണിറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മൾട്ടി ട്രോമ കേസുകളിൽ എത്തുന്ന രോഗികളുടെ ചികിത്സ ഒരു കാരണവശാലും തടസ്സപ്പെടരുത്. ഇവർക്കായി പ്രത്യേകം ചുവന്ന ടാഗ് നൽകും. ഒ പി ടിക്കറ്റിലും ചുവന്ന സ്റ്റിക്കർ പതിക്കും. ഓരോ ജീവനും വിലപ്പെട്ടതാണ്. ആശുപത്രിയിലെത്തുന്ന രോഗികൾക്ക് സമയബന്ധിതമായ ചികിത്സ ഉറപ്പു വരുത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം -മന്ത്രി പറഞ്ഞു.

പരിയാരം മെഡിക്കൽ കോളേജിനെ സർക്കാർ ഏറ്റെടുത്ത ശേഷം നിരവധി പ്രതിസന്ധികളെ മറികടന്നാണ് പ്രവർത്തിക്കുന്നത്. 521 നഴ്‌സിംഗ് സ്റ്റാഫിനെയും 147 ഡോക്ടർമാരെയും സർക്കാർ ജീവനക്കാരായി ആഗിരണം ചെയ്തു. സീനിയർ നഴ്‌സുമാരുടെ തസ്തിക ഒഴിവുകൾ വർക്ക് അറേഞ്ച്‌മെന്റിലൂടെ നികത്തി. 22 അനധ്യാപക തസ്തികകൾ സൃഷ്ടിക്കാനുള്ള തീരുമാനം സർക്കാർ പരിഗണയിലാണ്. പരിയാരത്ത് പ്ലാസ്റ്റിക് സർജറി യൂണിറ്റ് ആരംഭിക്കും. ഇതിനായി രണ്ട് തസ്തികകൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും മാറ്റി നിയോഗിച്ചു. നവീകരണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. ട്രോമ കെയറിന്റെ ആദ്യഘട്ടം രണ്ട് മാസത്തിനകം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
എം വിജിൻ എംഎൽഎ അധ്യക്ഷനായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി എം കൃഷ്ണൻ, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി സുലജ, മുൻ എംഎൽഎ ടി വി രാജേഷ്, ജെഡിഎംഇ (മെഡിക്കൽ) ഡോ തോമസ് മാത്യു, ഡിപി എം ഡോ. പി കെ അനിൽ കുമാർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.കെ അജയകുമാർ, സൂപ്രണ്ട് ഡോ.കെ സുദീപ്, വാപ്‌കോസ് ലിമിറ്റഡ് റീജിയണൽ മാനേജർ ദീപാങ്ക് അഗർവാൾ തുടങ്ങിയവർ പങ്കെടുത്തു.